ന്യൂദല്‍ഹി: രാജ്യത്തെ 23 ഐ.ഐ.ടികളില്‍ നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത് 2,461 വിദ്യാര്‍ത്ഥികള്‍. അതില്‍ പാതിയോളം പേര്‍ പിന്നാക്കവിഭാഗത്തില്‍പ്പെടുന്നവരും.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ വെളിച്ചത്തുവന്നത്. യു.ജി, പി.ജി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കണക്കുകളാണിത്.
ഏറ്റവും കൂടുതല്‍പ്പേര്‍ പഠനം ഉപേക്ഷിച്ചത് ദല്‍ഹി ഐ.ഐ.ടിയില്‍ നിന്നാണ്, 782 പേര്‍. ഖരഗ്പുരില്‍ നിന്ന് 622 പേരും ബോംബെയില്‍ നിന്ന് 263 പേരും കാന്‍പുരില്‍ നിന്ന് 190 പേരും പഠനം നിര്‍ത്തിയപ്പോള്‍ മദ്രാസില്‍ നിന്ന് 128 പേരാണ് പഠനം ഉപേക്ഷിച്ചത്.
ഐ.ഐ.ടികളില്‍ ശരാശരി 9,000 വിദ്യാര്‍ത്ഥികളാണ് യു.ജി വിഭാഗത്തില്‍ മാത്രം വര്‍ഷാവര്‍ഷം പഠനത്തിനായി കയറുന്നത്. പി.ജിയില്‍ എണ്ണായിരത്തോളം പേരും എത്തുന്നുണ്ട്.
ജാതിവിവേചനമാണ് പലരെയും കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്. സംവരണവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പലപ്പോഴും കോഴ്‌സ് മുന്നോട്ടുവെയ്ക്കുന്ന ചെലവ് താങ്ങാന്‍ കഴിയാതെ വരുന്നുണ്ടെന്ന് ഐ.ഐ.ടി ദല്‍ഹിയിലെ ഒരു അധ്യാപകന്‍ ‘ദ പ്രിന്റി’നോട് പറഞ്ഞു.
വിഷയം അതിഗൗരവമായി കാണുന്നുവെന്നും സ്ഥിതി മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഐ.ഐ.ടികളോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.
മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇക്കാര്യം പരിശോധിക്കാന്‍ ഐ.ഐ.ടികള്‍ വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. പഠനത്തില്‍ മോശമായവര്‍ക്ക് അധിക ക്ലാസ്സുകള്‍ നല്‍കാനും കുടുംബപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കൗണ്‍സലിങ് നല്‍കാനും തീരുമാനമായിട്ടുണ്ട്.
ഐ.ഐ.ടികളിലെ ജാതിവിവേചനം പ്രത്യക്ഷത്തില്‍ കാണില്ലെന്നും എന്നാല്‍ കൃത്യമായി അതു നടക്കുന്നുണ്ടെന്നും ഡോക്യുമെന്ററി സംവിധായകനായ അനൂപ് കുമാര്‍ ‘ദ പ്രിന്റി’നോട് പറഞ്ഞു. ‘പിന്നാക്ക വിഭാഗത്തില്‍ നിന്നു വരുന്നവര്‍ ഇംഗ്ലീഷ് മീഡിയത്തിലായിരിക്കില്ല മുന്‍പ് പഠിച്ചിരിക്കുക. എന്നാല്‍ അവര്‍ക്ക് അവിടെ പഠിക്കാന്‍ കഴിയുന്നുണ്ട് എന്ന കാര്യം ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ല.’- അദ്ദേഹം പറഞ്ഞു.
ഐ.ഐ.ടികളിലെ ജാതിവിവേചനം കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളെക്കുറിച്ച് അനൂപ് ‘ഡെത്ത് ഓഫ് മെറിറ്റ്’ എന്ന ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.
ഉന്നതകുലജാതരായ അധ്യാപകരില്‍ നിന്ന് ഈ വിദ്യാര്‍ത്ഥികള്‍ അവഗണന നേരിടുന്നുവെന്ന് ദളിത് ആക്ടിവിസ്റ്റ് സൂരജ് യെങ്‌ഡേ പറഞ്ഞു.
ഹോസ്റ്റല്‍ മുറികള്‍ക്കു പുറത്ത് ദളിതരും ആദിവാസികളും പ്രവേശിക്കരുത് എന്നുപോലും മുന്‍പ് ഇവിടെ എഴുതിവെച്ചിരുന്നുവെന്ന് ഐ.ഐ.ടി ദല്‍ഹി മുന്‍ വിദ്യാര്‍ത്ഥി നവീന്‍ കുമാര്‍ പറഞ്ഞു. താന്‍ ഇതിനെതിരെ പരാതി നല്‍കാന്‍ പോയപ്പോള്‍ ആരും അതത്ര കാര്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഭാഗമായതിനാല്‍ ഒരു പ്രൊഫസര്‍ ഒരു പെണ്‍കുട്ടിക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.