വര്‍ഷം 1997, ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സിനിമയായിരുന്നു മരുതനായകം. കമല്‍ ഹാസന്‍ എന്ന നടന്റെയും സംവിധായകന്റെയും ഡ്രീം പ്രൊജക്ടായിരുന്നു ആ സിനിമ. കമലിന്റെ തന്നെ രാജ്കമല്‍ ഫിലിംസായിരുന്നു സിനിമയുടെ നിര്‍മാണം. ലണ്ടനില്‍ നിന്ന് മറ്റൊരു പ്രൊഡക്ഷന്‍ ഹൗസും നിര്‍മാണ പങ്കാളിയായി. ബ്രിട്ടീഷ് രാജ്ഞി എലിസബത്തായിരുന്നു സിനിമയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. എന്നാല്‍ സിനിമയുടെ ഷൂട്ട് തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴേക്ക് നിരവധി ജാതി സംഘടനകള്‍ സിനിമക്കെതിരെ രംഗത്തെത്തി. ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഇതിനിടയില്‍ ഇന്ത്യ പൊഖ്‌റാനില്‍ ആണവപരീക്ഷണം നടത്തിയതോടു കൂടി വിദേശ പ്രൊഡക്ഷന്‍ ഹൗസ് സിനിമയില്‍ നിന്ന് പിന്മാറി. തന്റെ സ്വപ്‌നപദ്ധതി കമലിന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
ഏതൊരു ഫിലിംമേക്കറും തളര്‍ന്നുപോകുന്ന അവസ്ഥയായിരുന്നു അത്. എന്നാല്‍ കമല്‍ ഹാസന്‍ എന്ന സിനിമാമോഹി തളര്‍ന്നില്ല. മറ്റൊരു പീരിയോഡിക് സിനിമ അദ്ദേഹം ഒരുക്കി. ഗാന്ധി വധവും, സ്വാതന്ത്ര്യനന്തര ഇന്ത്യയിലെ വര്‍ഗീയ ലഹളകളും പ്രമേയമാക്കി ഒരു സിനിമ സംവിധാനം ചെയ്തു. കാലങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടമാകാത്ത ആ സിനിമയാണ് ഹേ റാം.
വെറുമൊരു സിനിമ എന്നതിലുപരി ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണ് ഹേ റാം. ഒരുപാട് സീനുകളില്‍ കമല്‍ എന്ന സംവിധായകന്‍ അത് വ്യക്തമാക്കുന്നുണ്ട്. ഗാന്ധിയെ കൊന്നത് ഗോഡ്‌സെ എന്ന വ്യക്തി ഒറ്റക്കല്ല, അയാള്‍ പിന്തുടരുന്ന വര്‍ഗീയതയുടെ രാഷ്ട്രീയം കൂടി അതില്‍ പങ്കാളിയാണെന്ന് കമല്‍ പറയുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി അവതരിപ്പിച്ച ശ്രീറാം അഭയങ്കറും, കമലിന്റെ സാകേത് റാമും ഗാന്ധി വധം ആസൂത്രണം ചെയ്യുന്ന സീനില്‍ രണ്ടു പേരുടെയും പിന്നില്‍ സവര്‍ക്കറുടെയും ഹിറ്റ്‌ലറിന്റെയും ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. ഒരു ജനതയെ തന്നെ ഇല്ലാതാക്കാനുള്ള പ്രത്യയശാസ്ത്രത്തെ പേറി നടന്നവരാണ് ഇരുവരും. ഒരുപക്ഷേ ഇന്നാണെങ്കില്‍ ഈ സീന്‍ ഒഴിവാക്കാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചേനെ.
അതുപോലെ സിനിമ അവസാനരംഗത്തോടടുക്കുമ്പോള്‍ കമല്‍ ഹാസനും ഷാരൂഖും തമ്മിലുള്ള സംഭാഷണവും എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്. മുസ്‌ലിം വിരോധവും ഗാന്ധി വിരോധവും ഉള്ളില്‍ കൊണ്ട് നടക്കുന്ന സാകേതിനോട് അംജദ് പറയുന്നുണ്ട്, നിന്റെ ഈ വിദ്വേഷം മാറാന്‍ മുസ്‌ലിമിനെയാണ് കൊല്ലേണ്ടതെങ്കില്‍ തന്നെ കൊന്നുകെള്ളാന്‍. എന്നാല്‍ അത് നിരസിച്ചു കൊണ്ട് സാകേത് പറയുന്നുണ്ട്, നിങ്ങള്‍ എല്ലാവരും ഇവിടെനിന്ന് പൊയ്‌ക്കോ എന്ന്. എല്ലാവരും എവിടെയാണ് പോവേണ്ടതെന്ന അംജദിന്റെ ചോദ്യത്തിന്, നിങ്ങളുടെ ജിന്നയുടെ പാകിസ്ഥാനിലേക്ക് പൊയ്‌ക്കോ എന്നാണ് റാമിന്റെ മറുപടി. ‘ജിന്നയുടെ സ്വന്തം മകള്‍ പോലും ഇന്ത്യയാണ് എന്റെ നാടെന്ന് പറഞ്ഞുകൊണ്ട് ഇവിടെ നില്‍ക്കുന്നു. ഇത് എന്റെ നാടാണ്. ഇവിടെ നിന്ന് എന്നോട് പോകാന്‍ പറയാന്‍ ആര്‍ക്കും അധികാരമില്ല’ എന്ന അംജദിന്റെ മറുപടി കാലങ്ങള്‍ കഴിഞ്ഞും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമാണ്.
ഷാരൂഖ് ഖാന്‍ എന്ന നടന്റെ കരിയറിലെ മികച്ച പത്ത് കഥാപാത്രങ്ങളെയെടുത്താല്‍ അതില്‍ ഹേ റാമിലെ അംജദും ഉണ്ടാകും. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാരൂഖ് ഈ സിനിമയില്‍ അഭിനയിച്ചത്. പ്രേക്ഷകര്‍ മസാലാ സിനിമയുടെ പിന്നാലെ മാത്രം പോയിരുന്ന കാലത്ത് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ കമല്‍ ഹാസന്‍ കാണിച്ച ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. അന്നത്തെ പ്രേക്ഷകര്‍ ഈ സിനിമയെ കൈവിട്ടെങ്കിലും കാലങ്ങള്‍ക്കിപ്പുറം ഹേ റാമിന് ക്ലാസിക് പദവി ലഭിച്ചു.
24 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോഡ്‌സേയെപോലും വീരപരിവേഷം നല്‍കി ആരാധിക്കുന്ന ഈ കാലത്ത്, മറ്റൊരു ഹേ റാം ചിന്തിക്കുക എന്നത് പോലും അസാധ്യമായ കാര്യമാണ്. സിനിമയുള്ളിടത്തോളം കാലം ഈ സിനിമ പറയുന്ന രാഷ്ട്രീയവും നിലനില്‍ക്കും.
Content Highlight: 24 Years of Hey Ram