| Friday, 18th March 2022, 1:41 pm

പ്രധാനമന്ത്രി പദത്തില്‍ ഇമ്രാന്‍ ഖാന് പരീക്ഷണം; അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ കൈവെടിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ 24 എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പ്രതിപക്ഷ പാര്‍ട്ടികള്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് നടക്കുന്നതിന് മുമ്പെ തന്നെ തിരിച്ചടി നേരിട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ കുറഞ്ഞത് 24 എം.പിമാര്‍ ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിച്ചു. പ്രമേയത്തില്‍ ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുമെന്നും ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടെടുപ്പിലൂടെ വിജയിച്ച് ഭരണം നിലനിര്‍ത്താമെന്ന ഇമ്രാന്‍ ഖാന്റെ കണക്കുകൂട്ടലുകള്‍ പരാജയപ്പെടുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

നിലവില്‍ ഇസ്‌ലാമാബാദിലെ സിന്ധ് ഹൗസിലാണ് എം.പിമാരുള്ളത്. ഭരണകക്ഷി മന്ത്രിമാര്‍ തങ്ങളെ തട്ടിക്കൊണ്ട് പോയേക്കാമെന്ന് ഭീഷണിയുള്ളതിനാലാണ് ഇവിടെ അഭയം തേടിയതെന്ന് എം.പിമാര്‍ പ്രതികരിച്ചു.

ഇനിയും കൂടുതല്‍ പി.ടി.ഐ എംപിമാരും മന്ത്രിമാരും ഇങ്ങോട്ട് വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരെ ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് അത് നടക്കാത്തതെന്നും എം.പിമാര്‍ പ്രതികരിച്ചു.

സഖ്യകക്ഷികളുടെ പിന്തുണ നഷ്ടമായേക്കാവുന്ന അവസ്ഥയിലാണ് ഇമ്രാന്‍ ഖാനും പി.ടി.ഐയുമുള്ളതെന്ന് കഴിഞ്ഞദിവസം ഖാനോട് അടുത്ത വൃത്തങ്ങള്‍ തന്നെ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഖാനെതിരെ വോട്ട് ചെയ്യുമെന്ന് എം.പിമാര്‍ തന്നെ പറഞ്ഞത്.

അതേസമയം, തനിക്ക് പിന്തുണ പിന്‍വലിച്ച എം.പിമാരുടെ എല്ലാ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. അവര്‍ എവിടെയാണ് താമസിക്കുന്നത്, അവരുടെ മൊബൈല്‍ ഫോണ്‍ ഡാറ്റകള്‍ എന്നിവ നിരീക്ഷിക്കാനാണ് നിര്‍ദേശം.

മാര്‍ച്ച് എട്ടിനായിരുന്നു നാഷണല്‍ അസംബ്ലി സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്.

പ്രതിപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളായ മൗലാന ഫസലുര്‍ റഹ്മാന്‍, ആസിഫ് സര്‍ദാരി, ഷെഹബാസ് ഷെരീഫ് എന്നിവരാണ് അവിശ്വാസ പ്രമേയ അവതരണത്തിന് നേതൃത്വം നല്‍കിയത്.

പ്രമേയം നേരിടുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ മോശം വാക്കുകളുപയോഗിച്ച് ഖാന്‍ അഭിസംബോധന ചെയ്തിരുന്നു. പ്രമേയം പരാജയപ്പെട്ടാല്‍ അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഇമ്രാന്‍ ഖാന്‍ ഭീഷണിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു, എന്ന വിമര്‍ശനത്തോട് ‘ഉരുളക്കിഴങ്ങിന്റെ തക്കാളിയുടെയും വില നോക്കാനല്ല രാഷ്ട്രീയത്തില്‍ ചേര്‍ന്നത്’ എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.


Content Highlight: 24 Pakistan ruling party MPs withdrew support for Imran Khan before No-Trust Vote

We use cookies to give you the best possible experience. Learn more