| Sunday, 12th February 2023, 11:14 pm

24ന്യൂസ് ബഹിഷ്‌കരിക്കാന്‍ ശ്രമം നടക്കുന്നു, ഈ ഓലപ്പാമ്പില്‍ വീഴില്ല: ശ്രീകണ്ഠന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോന്നി താലൂക്ക് ഓഫീസ് വിവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ 24 ന്യൂസ് ബഹിഷ്‌കരിക്കണമെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍. ഈ ഓലപാമ്പിലൊന്നും വീഴുന്നവരല്ല 24 എന്ന് ഡെപ്യൂട്ടി തഹസില്‍ദാറും കൂടെ മൂന്നാറിലേക്ക് അവധി എടുക്കാതെ പോയ ആളുകളും മനസിലാക്കുക എന്നാണ് പറയാനുള്ളതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

കോന്നി എം.എല്‍.എ കെ.യു ജനീഷ് കുമാറിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ചാറ്റുകളെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 24ന്യൂസ് ആണെന്നും ഇതിന്റെ പേരിലാണ് ബഹിഷ്‌കരണ ആഹ്വാനങ്ങളെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ചാനല്‍ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങള്‍ക്കെതിരെ സ്ഥലം എം.എല്‍.എ വന്ന് ഇടപെട്ടത് ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് വാട്‌സ്ആപ്പ് വഴിയുള്ള പ്രചാരണം കണ്ടിട്ട് മനസിലാകുന്നതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

”കൂട്ടത്തോടെ അവധിയെടുത്ത് ഉല്ലാസയാത്ര പോയതില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്ഥലം എം.എല്‍.എ വന്ന് ഇടപെട്ടത് ഉദ്യാഗസ്ഥന്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് വാട്‌സ് ആപ്പ് വഴിയുള്ള അദ്ദേഹത്തിനെതിരായുള്ള പ്രചാരണം കണ്ടിട്ട് മനസിലാകുന്നത്.

ഡെപ്യൂട്ടി തഹസില്‍ദാര്‍ തന്നെ ചോദിക്കുന്നത് എം.എല്‍.എക്ക് എന്ത് അവകാശമാണ് ഒരു സര്‍ക്കാര്‍ ഓഫീസില്‍ കടന്നുവരാനെന്നാണ്. എം.എല്‍.എക്ക് പിന്നെ എന്താണ് അവകാശമുള്ളത്? ഒരു നിയമസഭ സാമാജികന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രിവിലേജുകള്‍ അറിയാത്ത ആളാണോ ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍.

ഓഫിസിലേ ഒരു ഉദ്യോഗസ്ഥന്റെ കസേരയില്‍ കയറി ഇരുന്നുവെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന മറ്റൊരു പരാതി. ഒരു എം.എല്‍.എക്ക് അവിടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കസേരയില്‍ ഇരിക്കാന്‍ അവകാശമില്ലേ? അദ്ദേഹത്തിനെതിരെ അവകാശ ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ സ്പീക്കര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. കാരണം ഒരു എം.എല്‍.എയെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വാട്‌സാപ്പ് വഴി പ്രചാരവേല ചെയ്ത് അധിക്ഷേപിക്കുന്നത് ഒരിക്കലും ഈ നാട്ടില്‍ അംഗീകരിച്ച് കൊടുക്കാന്‍ പാടില്ല.

ജനങ്ങളുടെ പ്രതിനിധിയായ അദ്ദേഹത്തിന് പറയാനുള്ള അവകാശമുണ്ടെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ മനസിലാക്കണം. മിസ്റ്റര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ നിങ്ങളൊരു ഗവണ്‍മെന്റ് സര്‍വന്റാണ്. കേരളത്തിലെ സിവില്‍ സര്‍വീസ് കോണ്ടക്ട് റൂള്‍ അനുസരിച്ച് ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥനാണെന്ന് നിങ്ങള്‍ തിരിച്ചറിയുക.

എം.എല്‍.എയെ അവഹേളിക്കാനും അപമാനിക്കാനും ശ്രമിച്ചതിനൊപ്പം ഈ വാര്‍ത്ത ആദ്യം പുറത്ത് കൊണ്ടുവന്ന 24ന്യൂസ് ബഹിഷ്‌കരിക്കണമെന്ന ഒരു പ്രഖ്യാപനം നടക്കുന്നുണ്ട്. ഈ ഓലപാമ്പിലൊന്നും വീഴുന്നവരല്ല 24 എന്ന് ഡെപ്യൂട്ടി തഹസില്‍ദാറും കൂടെ മൂന്നാറിലേക്ക് അവധി എടുക്കാതെ പോയ ആളുകളും മനസിലാക്കുക എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്,” ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

അതേസമയം, കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദത്തില്‍ തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാര്‍ പറഞ്ഞിരുന്നു. അവധി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെയും നടപടി വേണമെന്ന് ജനീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

content highlight:24 news Editor Sreekanthan Nair said that there is a campaign to boycott 24 News because of the news related to the Konni taluk office controversy

Latest Stories

We use cookies to give you the best possible experience. Learn more