| Thursday, 5th November 2020, 9:31 am

റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു; ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍; ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് വിഭാഗം ആരംഭിച്ച റെയ്ഡ് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിട്ടു.

നാടകീയ രംഗങ്ങള്‍ ആണ് ബിനീഷിന്റെ വീടിന് മുന്നില്‍ നടക്കുന്നത്. ബിനീഷ് കോടിയേരിയുടെ ഭാര്യയേയും രണ്ട് വയസായ കുഞ്ഞിനെയും അമ്മയെയും ഇരുപത്തിനാല് മണിക്കൂര്‍ ആയി അനധികൃത കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും ഇവരെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിനിഷ് കോടിയേരിയുടെ ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരില്‍ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ 9.30 നു ആരംഭിച്ച റെയ്ഡാണ് ഇപ്പോഴും തുടരുന്നത്. റെയ്ഡില്‍ കണ്ടെത്തിയെന്ന് പറയുന്ന രേഖകളില്‍ പലതും ഇ.ഡി കൊണ്ട് വന്നതാണെന്നും മഹസറില്‍ ഒപ്പ് വെയ്ക്കില്ലെന്നും ബിനീഷിന്റെ ഭാര്യ നിലപാട് എടുത്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീടില്‍ തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. രേഖകളില്‍ ഒന്നില്‍ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് റെയ്ഡില്‍ പിടിച്ചെടുത്തതായി പറഞ്ഞിരുന്നു.

ഇതില്‍ ഒപ്പ് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഇ.ഡി സംഘത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകനെ കാണണമെന്ന് റെനീറ്റ് ആവശ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാര്‍ ബിനീഷിന്റെ വീട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു.

എന്നാല്‍ റെയ്ഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കയറ്റിവിടാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ അറിയിച്ചു. ഒരു മണിക്കൂറിനുശേഷം ഇ.ഡി ഉദ്യോഗസ്ഥന്‍ അഭിഭാഷകനെ ഫോണില്‍ ബന്ധപ്പെടുകയും മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകുന്നില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും നിര്‍ബന്ധിച്ച് ഒപ്പിടിപ്പിക്കരുത് എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കോടതി അരംഭിച്ചാല്‍ ഉടനെ ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  24 hours after the raid; Dramatic scenes in front of Bineesh Kodiyeri’s house; Relatives proteste In front of house

Latest Stories

We use cookies to give you the best possible experience. Learn more