| Friday, 31st May 2019, 11:13 am

യു.എ.ഇയിലെ പെരുന്നാള്‍ ഷോപ്പിംങ്ങ്; 90 ശതമാനം വരെ വിലക്കിഴിവ് എവിടെയെല്ലാം

ഷംസീര്‍ ഷാന്‍

ദുബൈ: നീണ്ട ഈദുല്‍ ഫിത്വര്‍ അവധിയാണ് ഗള്‍ഫ് നാടുകളിലെല്ലാം ആഗതമാവുന്നത്. സര്‍ക്കാര്‍ മേഖലയുമായി സ്വകാര്യമേഖലയുടെയും അവധി ദിനങ്ങള്‍ ഏകീകരിച്ചാണ് ഇത്തവണ യു.എ.ഇ പോലുളള രാജ്യങ്ങള്‍ ചെറിയ പെരുന്നാളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മെയ് 30 (വ്യാഴാഴ്ച) ആയിരിക്കും ചെറിയ പെരുന്നാളിന് മുന്‍പുളള ഒടുവിലത്തെ പ്രവൃത്തി ദിനം.

9 ദിവസത്തോളം നീളുന്ന ഈദ് അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുമ്പോള്‍, സ്വകാര്യമേഖലയില്‍ ജൂണ്‍ 2 തിങ്കളാഴ്ച മുതലാണ് ചെറിയ പെരുന്നാള്‍ അവധി ആരംഭിക്കുന്നത്. ഈദുല്‍ ഫിത്വര്‍ ഷോപ്പിംങ്ങിന് ആകര്‍ഷകമായ ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന വിലക്കിഴിവുമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ മാളുകളും ബ്രാന്‍ഡഡ് ഷോറൂമുകളും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ദുബൈയിലെയും അബുദാബിയിലെയും പല മാളുകളും 90 ശതമാനം വരെ വിലക്കിഴിവാണ് നല്‍കുന്നത്. ഫാഷന്‍, ഹോം വെയര്‍ ഇലക്ട്രോണിക്സ് എന്നീ കാറ്റഗറിയിലാണ് വന്‍ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 24 മണിക്കൂറും ഈ മാളുകള്‍ ഈദ് അവധി ദിനങ്ങളില്‍ തുറന്ന് പ്രവൃത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അബുദാബിയില്‍ വിലക്കിഴിവൊരുക്കുന്ന മാളുകള്‍ ഏതൊക്കെ?

അബുദാബിയിലെ യാസ് മാള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, ഡാല്‍മാ മാള്‍, അല്‍ ഐനിലെ അല്‍ ജിമി മാള്‍ എന്നിവ 90 ശതമാനം വരെ വിലക്കിഴിവുമായി ജൂണ്‍ 5 മുതല്‍ ഈദ് അവധി തീരും വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. യാസ് മാളില്‍ 1000 ദിര്‍ഹമിനുമുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് മൂല്ല്യവര്‍ദ്ധിത നികുതിയിനത്തിലുളള തുക തിരികെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിവിധ മാളുകളില്‍ നടക്കുന്ന റാഫിള്‍ ഡ്രോകളിലൂടെ വമ്പന്‍ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

ദുബൈയിലും വമ്പന്‍ ഈദ് ഓഫറുകള്‍

ദുബൈയില്‍ വിവിധ മാളുകള്‍ കേന്ദ്രീകരിച്ചുളള ഈദ് സെയിലുകള്‍ക്ക് പുറമേ വലിയ ഷോപ്പിംങ്ങ് ആകര്‍ഷണം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കിയിരിക്കുന്ന റമദാന്‍ ബിഗ് ബസാറാണ്. ജൂണ്‍ 6 വരെയാണ് ഈ ഈദ് ബസാര്‍ അരങ്ങേറുന്നത്. ദുബൈ മാള്‍ അടക്കമുളള മാളുകളില്‍ ലോകോത്തര ബ്രാന്‍ഡഡ് ഷോറൂമുകളില്‍ പോലും വിവിധ ഫയര്‍ ഡീലുകള്‍ നടക്കുന്നുണ്ട്. ദുബൈ മാളില്‍ തെരഞ്ഞെടുത്ത ഷോറൂമുകളില്‍ നിന്നും 20,000 ദിര്‍ഹമിന്റെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 2,000 സ്‌കൈ വാര്‍ഡ് മൈല്‍ പോയിന്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 8 വരെയായിരിക്കും വിമാനയാത്രക്ക് നിരക്കിളവുളള ഈ ഓഫര്‍ ലഭ്യമാവുക. മാള്‍ ഓഫ് ദ എമിറേറ്റ്സും ഈദ് ഷോപ്പേര്‍സിനെ സ്വീകരിക്കുന്നത് ആകര്‍ഷകമായ ഓഫറുകളുമായാണ്. തെരഞ്ഞെടുക്കപ്പെട്ട ഷോപ്പുകളില്‍ നി്ന്നും 600 ദിര്‍ഹമിനും മുകളിലുമായി പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും ഡ്രോയിലൂടെ 5,000 ദിര്‍ഹം വരെയുളള മാള്‍ ഓഫ് ദ എമിറേറ്റ്സ് ഷോപ്പിംങ്ങ് കാര്‍ഡുകള്‍ വിജയിക്കാനാണ് അവസരം. ജൂണ്‍ 1 മുതല്‍ 7 വരെയാണ് ഈ പ്രമോഷന്‍.

ദുബൈയിലെ അല്‍ സീഫ്, സിറ്റി വാക്ക്, ദ ബീച്ച്, ബ്ലൂ വാട്ടേര്‍സ്, ബോക്സ് പാര്‍ക്ക്, ലാ മെര്‍, ദ ഔട്ട്ലെറ്റ് വില്ലേജ് എന്നിവിടങ്ങളില്‍ 300 ദിര്‍ഹം ചെലവിടുന്നവര്‍ക്ക് മാറാസിന്റെ 100 ദിര്‍ഹം ഈദിയ ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാം. ദുബൈയിലെ വിവിധ ഈദ് ഇവന്റുകളില്‍ ഈ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിക്കാനാവും. ദുബൈ മിര്‍ദിഫ് സിറ്റി സെന്ററില്‍ നിന്നും 1000 ദിര്‍ഹമിന്റെ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങുന്ന ആദ്യത്തെ 40 പേര്‍ക്ക് 100 ദിര്‍ഹമിന്റെ ഓഫ് ഉണ്ടാകും.

കൂടാതെ ദുബൈയിലെത്തുന്ന സഞ്ചാരികള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഈദ് അവധി ദിനങ്ങളില്‍ 20 ശതമാനം ഡിസ്‌ക്കൗണ്ട് സ്വന്തമാക്കാം. മെയ് 30 മുതലാണ് ഈ ഈദ് സ്പെഷ്യല്‍ ഓഫര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിലവില്‍ വരുന്നത്. ജൂണ്‍ 2 വരെയാണ് പ്രമോഷന്‍ കാലാവധി. പെര്‍ഫ്യൂംസ്, ബ്രാന്‍ഡഡ് വാച്ചുകള്‍, സണ്‍ ഗ്ലാസുകള്‍, ജ്വല്ലറി, ക്ലോത്ത്സ്, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം 20 ശതമാനം വിലക്കിഴിവുണ്ടാവും.

ഷംസീര്‍ ഷാന്‍

We use cookies to give you the best possible experience. Learn more