| Monday, 6th August 2018, 9:20 am

വീണ്ടും ഷെല്‍ട്ടര്‍ ഹോം പീഡനം: ഉത്തര്‍പ്രദേശിലെ സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് 24 പെണ്‍കുട്ടികളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിയോരിയ: ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോം പീഢനങ്ങള്‍ സൃഷ്ടിച്ച കോളിളക്കം കെട്ടടങ്ങുന്നതിനു മുന്നേ ഉത്തര്‍പ്രദേശിലെ ദിയോരിയയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നിന്നും 24 ബാലികമാരെയാണ് സി.ബി.ഐ പരിശോധനയ്ക്കിടെ രക്ഷപ്പെടുത്തിയിരിക്കുന്നത്.

ഷെല്‍ട്ടര്‍ ഹോമിന്റെ മാനേജര്‍മാരായ ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ ലൈസന്‍സ് റദ്ദുചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയെത്താത്ത 24 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും മറ്റു 15 പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ട ഒരു പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ഇവരനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ പുറംലോകമറിഞ്ഞത്. തങ്ങളെയെല്ലാം അധികൃതര്‍ ജോലിക്കാരെപ്പോലെയാണ് കണ്ടിരുന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Also Read: മയക്കുമരുന്നു നല്‍കി ബലാത്സംഗം, എതിര്‍ത്താല്‍ ക്രൂര മര്‍ദ്ദനം: മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍

“സ്ഥാപനം അടച്ചുപൂട്ടാനുള്ള ഉത്തരവുമായി ഞങ്ങളുടെ സംഘാംഗങ്ങള്‍ അവിടെ ചെല്ലുകയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ അവരോട് മോശമായി പെരുമാറുകയും ചെയ്തു. ഇന്ന് അവിടെനിന്നും ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടു പുറത്തെത്തിയതോടെയാണ് അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തറിഞ്ഞത്. വലിയ വെളിപ്പെടുത്തലുകളാണ് അന്വേഷണം പുരോഗമിക്കവേ ഉണ്ടായിരിക്കുന്നത്. 24 പെണ്‍കുട്ടികളെയാണ് ഇതുവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്.” പൊലീസ് സൂപ്രണ്ട് രോഹന്‍ പി. കനായ് പറയുന്നു.

സ്ഥാപനമേധാവിയായ ഗിരിജ ത്രിപാഠിയും ഭര്‍ത്താവും അറസ്റ്റിലാണ്. സമാനമായ സാഹചര്യത്തിലാണ് മുസാഫര്‍പൂരില്‍ കഴിഞ്ഞ ദിവസം 44 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more