പെരിയ ഇരട്ടക്കൊലസില്‍ സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു
Kerala News
പെരിയ ഇരട്ടക്കൊലസില്‍ സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th April 2022, 9:00 pm

തിരുവനന്തപുരം: കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ പിന്നീട് ഈ കേസ് സി.ബി.ഐയ്ക്ക് വിടുകയും ചെയ്യുകയായിരുന്നു.

പെരിയ കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് ഇതുവരെ സര്‍ക്കാരിന് ചെലവായത്. സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമും രംഗത്തെത്തി.

‘പെരിയയില്‍ കൃപേഷിന്റേയും ശരത് ലാലിന്റേയും ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സി.പി.ഐ.എം നേതാക്കളെ സി.ബി.ഐയില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതിനായി അവതരിച്ച സുപ്രീം കോടതി അഭിഭാഷകന് നല്‍കാന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് 24.50 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പിണറായി വിജയന്റെ സര്‍ക്കാര്‍ ഉത്തരവിറക്കി.

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയില്‍ക്കൂടുതലുള്ള തുകകള്‍ ട്രഷറി വഴി മാറി നല്‍കാന്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലും പാര്‍ട്ടി കൊലപാതകികളുടെ സംരക്ഷകര്‍ക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താല്‍ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതല്‍ കാണാതെ പോകരുത്,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.

CONTENT HIGHLIGHT:  24.5 lakh was allotted to the lawyer who appeared for the government in the Periya double murder case