സെഞ്ച്വറി നേടിയിട്ട് 23 ടെസ്റ്റുകൾ കഴിഞ്ഞു; വിരാടിനെ ട്രോളി ഐസ്‌ലാന്റ് ക്രിക്കറ്റ് അസോസിയേഷൻ
Cricket
സെഞ്ച്വറി നേടിയിട്ട് 23 ടെസ്റ്റുകൾ കഴിഞ്ഞു; വിരാടിനെ ട്രോളി ഐസ്‌ലാന്റ് ക്രിക്കറ്റ് അസോസിയേഷൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd February 2023, 11:38 am

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ്‌ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത്‌ പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.
ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.

115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്‌ മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.


രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 44 റൺസും രണ്ടാം ഇന്നിങ്‌സിൽ 20 റൺസുമായിരുന്നു രണ്ടാം ടെസ്റ്റിൽ നിന്നും വിരാട് നേടിയത്. ബാറ്റിങ്ങ് ദുഷ്കരമായ പിച്ചിൽ വിരാടിന്റെ ബാറ്റിങ്ങ് മികവ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ 2019ന് ശേഷം ടെസ്റ്റ്‌ ക്രിക്കറ്റിൽ സെഞ്ച്വറി നേടാൻ കഴിയാത്ത വിരാടിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്ഐസ്‌ലാന്റ് ക്രിക്കറ്റ് അസോസിയേഷൻ.

27 ടെസ്റ്റ്‌ സെഞ്ച്വറിയിൽ നിന്നും ഇതുവരെ 23 മത്സരങ്ങൾ പിന്നിട്ടിട്ടും അടുത്ത സെഞ്ച്വറി നേടാൻ വിരാടിന് സാധിച്ചിരുന്നില്ല ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഐസ്‌ലാന്റ് ക്രിക്കറ്റ്‌ അസോസിയേഷന്റെ വിരാടിനെതിരെയുള്ള പരിഹാസം.

“കണക്കുകൾ ഞങ്ങളുടെ ഇന്ത്യൻ ഫാൻസിനെ തൃപ്തിപ്പെടുത്തുന്നില്ല. 23 ടെസ്റ്റ്‌ മത്സരങ്ങൾ കഴിഞ്ഞിട്ടും വിരാടിന് ഒരു സെഞ്ച്വറി നേടാൻ സാധിക്കുന്നില്ല. അതിന് എത്ര സമയമെടുക്കുമായിരിക്കും,’ ഐസ്‌ലാന്റ്ക്രിക്കറ്റ്‌ അസോസിയേഷൻ ട്വീറ്റ് ചെയ്തു.

എന്നാൽ ബോർഡർ-ഗവാസ്കർ ട്രോഫി മത്സരത്തിനിടെ രാജ്യാന്തര ക്രിക്കറ്റിൽ വേഗത്തിൽ 25,000 റൺസ് തികക്കുന്ന താരമായി വിരാട് മാറിയിരുന്നു.8,195 റൺസാണ് ടെസ്റ്റ്‌ ക്രിക്കറ്റിൽ വിരാടിന്റെ സമ്പാദ്യം.

അതേസമയം ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അവശേഷിക്കുന്നത്. ഒരു മത്സരം സമനിലയിൽ എത്തിയാൽ തന്നെ ഇന്ത്യക്ക് ബോർഡർ-ഗവാസ്കർ ട്രോഫി സ്വന്തമാക്കാം.

പരമ്പര വിജയിച്ചാൽ മാത്രമേ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കുകയുള്ളൂ.

 

Content Highlights:23 Tests since Virat scored a century Iceland Cricket Association roasts Kohli