കോഴിക്കോട്: മാധ്യമം പത്രത്തില്‍ നിന്ന് 23 പ്രൂഫ് റീഡര്‍മാരെ പിരിച്ചുവിട്ട നടപടിയില്‍ ജീവനക്കാരുടെ പ്രതിഷേധം. സ്ഥാപനത്തിലെ എല്ലാ യൂണിറ്റ്, ബ്യൂറോ ജീവനക്കാരും നിലവില്‍ പണിമുടക്കി പ്രതിഷേധിക്കുകയാണ്. ചൊവ്വാഴ്ചത്തെ പത്രം ഇറങ്ങുന്നത് തടസപ്പെടുവിധമാണ് പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളം കുടിശ്ശികയുണ്ടായതിനെ തുടര്‍ന്ന് ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാഡ്ജ് ധരിച്ചായിരുന്നു ജീവനക്കാര്‍ ജോലിക്കെത്തിയിരുന്നത്.
ഇതുകൂടാതെ പത്രസ്ഥാപനങ്ങളിലെ വര്‍ക്കിങ് ജേര്‍ണലിസ്റ്റുകള്‍ക്കും നോണ്‍ ജേര്‍ണലിസ്റ്റുകള്‍ക്കും അടിസ്ഥാന ശമ്പളത്തില്‍ രണ്ടര മുതല്‍ മൂന്ന് വരെ മടങ്ങ് വേതന വര്‍ധന നിര്‍ദേശിക്കുന്ന മജീതിയ വേജ്‌ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള ഒരു കേസും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടയിലാണ് പ്രൂഫ് റീഡര്‍മാരെ പിരിച്ചുവിട്ട നടപടിയും അതിനെ തുടര്‍ന്നുള്ള പ്രതിഷേധവും നടക്കുന്നത്.
അതേസമയം, മാധ്യമം പ്രസിദ്ധീകരണങ്ങളില്‍ പൂര്‍ണമായ യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രൂഫ് വിഭാഗത്തിലെ പിരിച്ചുവിടല്‍ എന്നാണ് നോട്ടീസില്‍ പറയുന്നത്. 1947ലെ വ്യവസായ തര്‍ക്കനിയമം 25N ഉപവകുപ്പ് (1) പ്രകാരമാണ് നടപടിയെന്നും നോട്ടീസില്‍ പറയുന്നു.
‘പ്രസിദ്ധീകരണത്തിന്റെ ഗുണമേന്മയും ജീവനക്കാരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ എല്ലാ പ്രധാന വകുപ്പുകളിലും ഓട്ടോമേഷന്‍ കൊണ്ടുവരും. പ്രൂഫ് വിഭാഗത്തില്‍ പുതിയ സംവിധാനം സ്ഥാപിക്കാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നു. 01/07/2023 മുതല്‍ പുതിയ സവിധാനം പ്രാബല്യത്തില്‍ വരും.