23 പുതുമുഖങ്ങള്‍; തോറ്റത് എട്ട് ബി.ജെ.പി മന്ത്രിമാര്‍; ഹിമാചലിലെ തെരഞ്ഞെടുപ്പ് പാഠങ്ങള്‍
national news
23 പുതുമുഖങ്ങള്‍; തോറ്റത് എട്ട് ബി.ജെ.പി മന്ത്രിമാര്‍; ഹിമാചലിലെ തെരഞ്ഞെടുപ്പ് പാഠങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th December 2022, 9:29 pm

ഷിംല: ഹിമാചല്‍ പ്രദേശില്‍  തെരഞ്ഞെടുക്കപ്പെട്ട 68 നിയമസഭാ സാമാജികരില്‍ 23 പേരും പുതുമുഖങ്ങള്‍. കോണ്‍ഗ്രസിലെ 14 അംഗങ്ങളും എട്ട് ബി.ജെ.പി അംഗങ്ങളും ഒരു സ്വതന്ത്രനുമാണ്  ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

വ്യാഴാഴ്ച ഫലപ്രഖ്യാപനം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് വലിയ അട്ടിമറികളാണ് നടന്നിരുന്നത്. എട്ട് കാബിനറ്റ് മന്ത്രിമാരാണ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.

മുഖ്യമന്ത്രി ജയ് റാം താക്കൂറിനും മന്ത്രിമാരായ ബിക്രം സിങ്, സുഖ് റാം ചൗധരി എന്നിവര്‍ക്കും മാത്രമാണ് ഹിമാചലില്‍ സീറ്റ് നിലനിര്‍ത്താനായത്.

കഴിഞ്ഞ തവണത്തെ 36 എം.എല്‍.എമാര്‍ ഇത്തവണ നിയമസഭിയില്‍ ഉണ്ടാകില്ല. 26 സിറ്റിങ് അംഗങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. ബാക്കിയുള്ള 10 പേര്‍ മത്സരിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി അധികാരം നിലനിര്‍ത്തിയപ്പോള്‍, ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നിരുന്നു.

68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായാണ് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. 25 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം. മൂന്ന് ബി.ജെ.പി വിമതരും ഇവിടെ വിജയിച്ചിട്ടുണ്ട്. 35 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിനാവശ്യമായി വേണ്ടിയിരുന്നത്.