'സാധനങ്ങള്‍ വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ'; തിരുവനന്തപുരത്തു നിന്ന് മലബാറിലേക്ക് പോയത് 23 ലോഡ് സാധനങ്ങള്‍
Heavy Rain
'സാധനങ്ങള്‍ വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ'; തിരുവനന്തപുരത്തു നിന്ന് മലബാറിലേക്ക് പോയത് 23 ലോഡ് സാധനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 9:05 pm

തിരുവനന്തപുരം: മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മലബാര്‍ മേഖലയിലെ ജില്ലകളിലേക്കു തിരുവനന്തപുരത്തുനിന്ന് ഇതുവരെ അയച്ചത് 23 ലോഡ് അവശ്യസാധനങ്ങള്‍. ഇന്നു രാത്രി വരെയുള്ള കണക്കാണിതെന്ന് തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് അറിയിച്ചു.

നഗരസഭയുടെ കീഴിലുള്ള ശേഖരണകേന്ദ്രത്തിലേക്കു സാധനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നഗരസഭ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാധനങ്ങള്‍ വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂറും സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധിപ്പേരാണ് ഇവിടെയുള്ളത്. 24 മണിക്കൂറും യുവാക്കളടങ്ങുന്ന വലിയ സംഘം ദുരിത ബാധിതര്‍ക്കായി കൈയ്യും മെയ്യും മറന്ന് അധ്വാനിക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് പ്രധാനമായും മേയറുടെ നേതൃത്വത്തിലാണ് മലബാറിലേക്ക് അയക്കാനായി സാധനങ്ങള്‍ ശേഖരിച്ചിരുന്നത്. ഡി.വൈ.എഫ്.വൈയുടെ നേതൃത്വത്തിലും പത്ത് ലോഡ് മലബാറിലേക്കെത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളുമെല്ലാം തങ്ങളുടേതായ രീതിയില്‍ സാധനങ്ങള്‍ അയച്ചിരുന്നു.

പ്രളയ സഹായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം തെക്ക്-വടക്ക് പോര് നടത്തുന്നതിനിടെയാണിത്.

വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുള്ള സഹായവുമായി തിരുവനന്തപുരം നഗരസഭയുടെ പതിനെട്ടാമത് ലോറിയും വയനാട് അതിര്‍ത്തി കടന്നതിന്റെ ചിത്രം തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ഐ.പി ബിനു ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.