ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമ്അ നിസ്‌ക്കാരം; കോട്ടയത്ത് 23 പേര്‍ അറസ്റ്റില്‍
COVID-19
ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമ്അ നിസ്‌ക്കാരം; കോട്ടയത്ത് 23 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd April 2020, 4:11 pm

കോട്ടയം: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് ജുമ്അ നിസ്‌ക്കാരം നടത്തിയ 23 പേര്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ടയിലായിരുന്നു സംഭവം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് സമീപത്തെ സ്‌ക്കൂളിലായിരുന്നു ജുമ്അ നിസ്‌ക്കാരം സംഘടിപ്പിച്ചത്. പള്ളിയില്‍ ജുമ്അ നിസ്‌ക്കാരം നടത്താനാവാത്ത സാഹചര്യത്തില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്‌കൂളില്‍ നിസ്‌ക്കാരം സംഘടിപ്പിച്ചത്.

സ്‌ക്കൂളിന്റെ മാനേജറും നിസ്‌ക്കാരത്തില്‍ പങ്കെടുത്തിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസിനോട് തങ്ങള്‍ സാമൂഹിക അകലം പാലിച്ചാണ് നിസ്‌ക്കാരം നടത്തിയതെന്നായിരുന്നു വിശദീകരണം.

എന്നാല്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും കണ്ടെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടണമെന്നും മത ചടങ്ങുകള്‍ നടത്തരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പള്ളികളില്‍ കൂട്ടം കൂടിയുള്ള നിസ്‌ക്കാരം വേണ്ടെന്ന് വിവിധ സാമുദായിക നേതാക്കളും നിര്‍ദ്ദേശിച്ചിരുന്നു.