| Friday, 18th October 2019, 5:32 pm

പ്രളയബാധിതരുടെ ലിസ്റ്റിലില്ല; 22 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നത് ആറു കടമുറികളില്‍

ജംഷീന മുല്ലപ്പാട്ട്

2018 ലെ പ്രളയത്തില്‍ ഉരുള്‍പ്പൊട്ടി തകര്‍ന്ന പ്രദേശമാണ് സൈലന്റ്‌വാലി സംരക്ഷിത മേഖലയില്‍ ഉള്‍പ്പെട്ട എടത്തനാട്ടുകര ഉപ്പുകുളം വനമേഖല. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ പഞ്ചായത്തിലാണ് ഉപ്പുകുളം. ഉപ്പുകുളം ചോലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മലയില്‍ ജീവിച്ചിരുന്ന 22 കാട്ടുനായ്ക്ക ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ആഗസ്റ്റ് 15-നാണ് ഉപ്പുകുളം മലയില്‍ ഉരുള്‍പ്പൊട്ടുന്നത്. തുടര്‍ന്ന് ഇവരെ ഉപ്പുകുളം സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അവിടെ നിന്നും ആഗസ്റ്റ് 31-ന് കൊടിയംകുന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ ആറു കടമുറികളുള്ള കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അന്നുമുതല്‍ ഇന്നുവരെ ഇവരുടെ താമസം ഈ കടമുറികളിലാണ്. കൈകുഞ്ഞുങ്ങള്‍ മുതല്‍ വയസ്സായവര്‍ വരെയുള്ള 76 ആളുകളാണ് ഈ കുടുസുമുറികളില്‍ താമസിക്കുന്നത്.

ഇവര്‍ താമസിച്ചിരുന്ന സ്ഥലം പരിശോധിച്ച ജിയോളജി വകുപ്പ് ഇവിടെ ഭാവിയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും വാസയോഗ്യമല്ലെന്നും അറിയിക്കുകയും ചെയ്തു. അതോടെ ക്യാമ്പില്‍ നിന്നും മലയിലേയ്ക്ക് തിരിച്ചുപോകാനും പറ്റാതെയായി. പ്രളയ ദുരിതാശ്വാസമായ 10000 രൂപ വരെ ഈ കുടുംബങ്ങള്‍ക്ക് കിട്ടിയിട്ടില്ല. അതിനു അധികാരികള്‍ നല്‍കുന്ന വിശദീകരണം ഇവര്‍ പ്രളയബാധിതരുടെ ലിസ്റ്റില്‍ ഇല്ലാ എന്നാണ്.

‘പ്രളയ സഹായമായ 10000 രൂപ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. മറ്റു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വില്ലേജിലുള്ളവര്‍ പറഞ്ഞത് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലം ക്യാംപായി അംഗീകരിച്ചിട്ടില്ല, അതുകൊണ്ട് സഹായം ഇല്ലാ എന്നാണ്. പീടിക മുറിപോലുള്ള റൂമുകളാണിത്. ഇവിടെ കിടക്കാനും ഇരിക്കാനും വരെ ബുദ്ധിമുട്ടാണ്. ഭയങ്കര ദുരിതത്തിലാണ് കഴിയുന്നത്. 15 കിലോ അരിയും പയറും കടലയും കുറച്ചു സാധനങ്ങളും മാത്രം കിട്ടി. വേറൊന്നും ആരും തന്നിട്ടില്ല. പണിക്കു പോകാന്‍ വരെ ബുദ്ധിമുട്ടാണ്. ആറു കിലോമീറ്റര്‍ ഉള്ളിലേയ്ക്കു പോണം. പിന്നെ പണിയും ഇല്ല. അഥവാ പണി കിട്ടിയാല്‍ തന്നെ കിട്ടുന്ന പൈസ വണ്ടികൂലി കൊടുക്കാന്‍ തന്നെ തികയില്ല.

ഞങ്ങള്‍ക്ക് മലയില്‍ കുറച്ചു സ്ഥലമുണ്ട്. അവിടെ സര്‍ക്കാരിന്റെ റബ്ബര്‍ കൃഷിയാണ്. ഞങ്ങള്‍ കുരുമുളക് മാത്രം കൃഷി ചെയ്യും. മറ്റൊന്നും കൃഷിചെയ്യാന്‍ പറ്റില്ല. വരള്‍ച്ചയുണ്ട്. അതുകൊണ്ട് വേറൊന്നും അവിടയുണ്ടാവില്ല. ഞങ്ങള്‍ക്ക് മലയുടെ താഴെ അടിവാരത്ത് ഭൂമി തരണം. അങ്ങനെങ്കില്‍ വേനല്‍കാലത്ത് കാട്ടില്‍ പോകാം. മഴക്കാലത്ത് ഇവിടേയും. വേനല്‍ക്കാലത്തേ കാട്ടില്‍ നിന്നും തേന്‍, ചീനിക്ക ഒക്കെ എടുക്കാന്‍ പറ്റൂ. മഴക്കാലത്ത് ഒന്നും കിട്ടില്ലല്ലോ.’ ഊര് മൂപ്പന്‍ കുറുമ്പന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വനത്തിനുള്ളില്‍ ഉരുല്‍പ്പൊട്ടിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് വനം വകുപ്പ് നഷടപരിഹാരം നല്‍കിയിട്ടുണ്ടോ എന്ന്, 2018 നവംബര്‍ മുപ്പതാം തിയ്യതി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പി.സി ജോര്‍ജ് എം.എല്‍.എ ചോദിക്കുകയും ഉണ്ടെന്ന് വന മന്ത്രി അഡ്വ.കെ രാജു മറുപടി പറയുകയും ചെയ്തു. മന്ത്രി അന്ന് സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപ്പുകുളത്ത് ഉരുള്‍പൊട്ടിയതായി രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇവര്‍ക്ക് ഇതുവരെ ഒരുതരത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് മാത്രമല്ല പുനരധിവാസവും നടത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ മന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മന്ത്രി കള്ളം പറയുകയല്ലേ ചെയ്തത്.

‘ഉരുള്‍പൊട്ടലില്‍ മാറ്റിപ്പാര്‍പ്പിച്ചതാണ് ഞങ്ങളെ. പിന്നീട് ഇതുവരെ ഞങ്ങള്‍ക്ക് വീടോ സ്ഥലമോ തന്നിട്ടില്ല. ഉപ്പുകുളം മലയില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ആഗസ്റ്റ് 15നാണ് ഉരുള്‍പൊട്ടലുണ്ടായത്. രണ്ടു വീടുകള്‍ തകര്‍ന്നു. വില്ലേജില്‍ നിന്നും ആളുകള്‍ വന്നു പറഞ്ഞു ഇനി മലയില്‍ നിക്കണ്ട എന്ന്. സ്‌കൂളിലെ ക്യാമ്പിലായിരുന്നു കുറച്ചു ദിവസം. പിന്നീടാണ് ബ്ലോക്കിലെ കെട്ടിടത്തിലേയ്ക്ക് മാറ്റിയത്.

പഠിക്കുന്ന കുട്ടികളുണ്ട് ഇവിടെ. അവര്‍ക്ക് സ്‌കൂളില്‍ പോകാന്‍ ബുദ്ധിമുട്ടാണ്. കുറച്ചു കുട്ടികളെ ഹോസ്റ്റലുകളില്‍ കൊണ്ടാക്കി. ബാക്കിയുള്ളവര്‍ ആറു കിലോമീറ്റര്‍ യാത്ര ചെയ്താണ് സ്‌കൂളിലേയ്ക്ക് പോകുന്നത്. അവരെ രാവിലെ കൊണ്ടുവിടണം. വൈകുന്നേരം കൊണ്ടുവരണം. അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. അപേക്ഷയും പരാതിയും ഒരുപാട് കൊടുത്തതാണ്. തഹസില്‍ദാറൊക്കെ വന്നുപോയതാണ്. ഒന്നും ഇതുവരെ ആയില്ല. സ്ഥലം നോക്കി എന്നൊക്കെ പറയുന്നുണ്ട്. വില കൂടുതല്‍ ആയതുകൊണ്ട് വാങ്ങിക്കാന്‍ പറ്റുന്നില്ല എന്നൊക്കെയാണ് പറയുന്നത്.

ആകെ ആറു മുറികളേ ഉള്ളൂ. അവിടെയാണ് ഇത്രയും ആളുകള്‍ താമസിക്കുന്നത്. എല്ലാം ബുദ്ധിമുട്ടാണ്. മലയില്‍ ജീവിച്ചതു പോലുള്ള സൗകര്യങ്ങള്‍ ഒന്നും അല്ലാലോ ഇവിടെ. വില്ലേജിലെ ആളുകള്‍ ഇടക്കിടെ വന്നുപോകും എന്നല്ലാതെ ഒന്നും ആയില്ല. മലയില്‍ 20 സെന്റ് മുതല്‍ ഒരേക്കര്‍ വരെ സ്ഥലം ഞങ്ങള്‍ക്കുണ്ടായിരുന്നു. അവിടെയാണെങ്കില്‍ കാട്ടില്‍ പോയാല്‍ പണിയുണ്ടാവും. ഇവിടെ ഞങ്ങള്‍ക്ക് അറിയാത്ത സ്ഥലമായതിനാല്‍ പണിയും ഇല്ല. നാട്ടില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് കാട് വേണം.’ കടമുറിയില്‍ താമസിക്കുന്ന കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആദിവാസികളുടെ വിഷയം പുനരധിവാസത്തില്‍ പ്രത്യേകം പരിഗണിക്കപ്പെടുന്നില്ല എന്ന പരാതി വിവിധ ആദിവാസി സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രളയം പോലൊരു ദുരന്തത്തില്‍. പ്രളയം ആണെങ്കിലും ഉരുള്‍പ്പൊട്ടലാണെങ്കിലും അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആദിവാസികളെ പോലെയുള്ള സമൂഹങ്ങളെയാണ്.

എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ല. അതിനായി പ്രത്യേക സംവിധാനവുമില്ല. അതുകൊണ്ട് റവന്യൂ വകുപ്പിന് പകരം ട്രൈബല്‍ വകുപ്പാണ് ഇവരുടെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്.

ALSO WATCH: 

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more