| Tuesday, 26th March 2024, 8:43 am

കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകി; ബെംഗളൂരില്‍ 22 കുടുംബങ്ങൾക്ക് പിഴ ചുമത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിനും ചെടി നനച്ചതിനും 22 കുടുംബങ്ങൾക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ്. രൂക്ഷമായ ജലപ്രതിസന്ധിക്കിടെ കുടിവെള്ളം പാഴാക്കിയതിനെ തുടര്‍ന്നാണ് നടപടി. വെള്ളം പാഴാക്കുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്ന് മാര്‍ച്ച് 10ന് നോട്ടീസ് നല്‍കിയിരുന്നു.

മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. ബെംഗളൂരുവിലെ തെക്കുകിഴക്കന്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 13 പേരില്‍ നിന്നായി 65,000 രൂപയാണ് പിഴ ഈടാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്.

ജലപ്രതിസന്ധി കണക്കിലെടുത്ത് നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപയോഗം പരിമിതപ്പെടുത്താന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും നല്‍കി.

ഹോളി ആഘോഷങ്ങള്‍ക്കും പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി നിവാസികള്‍ക്ക് നിർദേശം നല്‍കിയിരുന്നു.

Content Highlight:22 people fined for washing car with drinking water in Bangalore

We use cookies to give you the best possible experience. Learn more