ഫലത്തില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ 100% വിവിപാറ്റുകളും എണ്ണണം; 22 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു
D' Election 2019
ഫലത്തില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ 100% വിവിപാറ്റുകളും എണ്ണണം; 22 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 6:08 pm

ന്യൂദല്‍ഹി: സാമ്പിള്‍ വിവിപാറ്റും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍, പ്രസ്തുത മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് 22 പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിട്ടുണ്ട്. തീരുമാനം നാളെ അറിയിക്കാമെന്നാണ് കമ്മീഷന്റെ നിലപാട്.

വിവിപാറ്റ് രസീതുകള്‍ എണ്ണിയ ശേഷം മാത്രം ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണണമെന്നും ഇവര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച സുപ്രീം കോടതി, ഒരോ മണ്ഡലത്തിലേയും 5 വിവിപാറ്റിലെ റസീതുകള്‍ എണ്ണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതില്‍ എന്തെങ്കിലും പിഴവ് കാണുകയാണെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണി, അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫലം പ്രഖ്യാപിക്കേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കഴിഞ്ഞ ഒന്നര മാസമായി തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ചെവിക്കൊണ്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക്മനു സിങ്‌വി കുറ്റപ്പെടുത്തി.

വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതും ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തി. ഒരു മണിക്കൂറോളം ഇവര്‍ കമ്മീഷനുമായി ചര്‍ച്ച നടത്തി.

നേരത്തെ എല്ലാ മണ്ഡലങ്ങളിലേയും മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ സമര്‍പ്പിച്ച ഹരജിയായിരുന്നു സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയത്.

” സുപ്രീം കോടതിയുടെ സി.ജെ.ഐ ബെഞ്ച് നേരത്തെ തന്നെ ഈ വിഷയത്തില്‍ തീരുമാനം എടുത്തതാണെന്നും വീണ്ടും ഇതേ പരാതി പരിഗണിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഈ ഹരജി തന്നെ വിഡ്ഡിത്തമാണെന്നും ആയിരുന്നു സുപ്രീം കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞത്.