| Tuesday, 30th May 2023, 6:21 pm

ബി.ജെ.പിയോട് അതൃപ്തി; ഷിന്‍ഡെ പക്ഷത്തെ 22 എം.എല്‍.എമാരും 9 എം.പിമാരും ശിവസേന വിടാനൊരുങ്ങുന്നു: ശിവസേന മുഖപത്രം സമാന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 22 എം.എല്‍.എമാരും 9 എം.പിമാരും ബി.ജെ.പിയില്‍ അതൃപ്തരാണെന്നും പാര്‍ട്ടി വിടാന്‍ തയ്യാറാണെന്നും ശിവസേന ഉദ്ധവ് പക്ഷം മുഖപത്രമായ സാമന.

ശിവസേനാ നിയമസഭാംഗങ്ങള്‍ തങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും ശിവസേന (ഉദ്ധവ് പക്ഷം) എം.പി വിനായക് റാവത്ത് പറഞ്ഞു. മണ്ഡലങ്ങളില്‍ വികസനങ്ങള്‍ നടക്കാത്തതിനാല്‍ പാര്‍ട്ടി വിടാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹും ഹി ശിവസേന’ എന്ന മുദ്രാവാക്യം വിളിച്ച് മുതിര്‍ന്ന ശിവസേന നേതാവ് ഗജനാന്‍ കിര്‍ത്തിക്കര്‍ ബി.ജെ.പിയോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതായും സാമന പറയുന്നു.

‘ഞങ്ങള്‍ 13 എം.പിമാരാണ്, ഇപ്പോള്‍ ഞങ്ങള്‍ ബി.ജെ.പിയുടെ ഭാഗമാണ്. മുന്‍ഗണനാ ക്രമത്തില്‍ ഞങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അതുണ്ടായില്ല,’ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ മത്സരിക്കാന്‍ തന്റെ പാര്‍ട്ടി ആഗ്രഹിക്കുന്നതായും വിനായക് പറഞ്ഞതായി സമാന റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ആത്മാഭിമാനവും ബഹുമാനവും പണം കൊണ്ട് വാങ്ങാന്‍ സാധിക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കിര്‍ത്തിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ ബി.ജെ.പിയോട് സീറ്റു ചോദിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ ബി.ജെ.പി അഞ്ചോ ഏഴോ സീറ്റ് നല്‍കാന്‍ തയ്യാറാകില്ല,’ സമാന റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം വിനായകിന്റെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര മന്ത്രി ശംഭുരാജ് ദേശായ് രംഗത്ത് വന്നു. വിനായക് പറഞ്ഞതില്‍ ഒരു വസ്തുതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘അദ്ദേത്തിന് എന്തും പറയാം. എന്നാല്‍ അദ്ദേഹം പറയുന്നതില്‍ യാതൊരു വസ്തുതയുമില്ല. ഞങ്ങളെല്ലാവരും ത്യാഗം ചെയ്തിട്ടുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ ഭരണത്തിന് കീഴില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നന്നായി നടക്കുന്നുണ്ട്. വിനായക് അങ്ങനെ പലതും പറയും. എന്നാല്‍ ഞങ്ങളത് കാര്യമായെടുക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം എം.എല്‍.എമാര്‍ ഉദ്ധവ് പക്ഷത്തില്‍ നിന്നും വേര്‍പിരിഞ്ഞ് ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതോടെ ശിവസേന- എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് ഭരണം നഷ്ടമാകുകയായിരുന്നു.

CONTENTHIGHLIGHT: 22 MLA’S and MP’S of  eknad shinde side plan to leave party: Saamana

We use cookies to give you the best possible experience. Learn more