സീറ്റ് വിറ്റെന്ന് ആരോപിച്ച് ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയില്‍ നിന്ന് 22 നേതാക്കള്‍ രാജിവെച്ചു; ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് പ്രഖ്യാപനം
national news
സീറ്റ് വിറ്റെന്ന് ആരോപിച്ച് ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയില്‍ നിന്ന് 22 നേതാക്കള്‍ രാജിവെച്ചു; ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2024, 2:24 pm

പാറ്റ്ന: പണം വാങ്ങി ലോക്‌സഭാ സീറ്റുകള്‍ വിറ്റെന്നാരോപിച്ച് ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി (രാം വിലാസ്) പാര്‍ട്ടിയില്‍ കൂട്ടരാജി. സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് പാര്‍ട്ടിയിലെ 22 നേതാക്കളാണ് രാജി വെച്ചത്.

മുന്‍ മന്ത്രി രേണു കുശ്വാഹ, മുന്‍ എം.എല്‍.എയും എല്‍.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാര്‍, രവീന്ദ്ര സിങ്, അജയ് കുശ്വാഹ, സഞ്ജയ് സിങ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഡാംഗി എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് രാജി വെച്ചത്.

പണം വാങ്ങി ലോക്‌സഭാ സീറ്റുകള്‍ വിറ്റെന്ന് ആരോപിച്ചാണ് രാജി. പുറത്തുനിന്നുള്ള ആളുകള്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് മുന്‍ എം.പി രേണു കുശ്വാഹ പറഞ്ഞു. പാര്‍ട്ടിക്ക് അകത്തുള്ളവര്‍ കഴിവില്ലാത്തവരായത് കൊണ്ടാണോ പുറത്തുള്ളവർക്ക് സീറ്റ് നല്‍കിയതിതെന്നും അവര്‍ ചോദിച്ചു. പാര്‍ട്ടിയുടെ തൊഴിലാളികളായി പ്രവര്‍ത്തിക്കലല്ല തങ്ങളുടെ ജോലിയെന്നും രേണു കുശ്വാഹ പറഞ്ഞു.

രാജിക്ക് പിന്നാലെ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എല്‍.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന സതീഷ് കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ രക്ഷക്ക് വേണ്ടി ഇന്ത്യാ സഖ്യത്തെ എല്ലാവരും പിന്തുണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ജനശക്തി പാര്‍ട്ടി ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ അഞ്ചിടങ്ങളിലാണ് മത്സരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും.

Content Highlight: 22 Leaders Quit Chirag Paswan’s Party, Say Will Now Back INDIA Bloc