കുവൈത്ത് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ 11 മലയാളികള്‍ അടക്കം 22 ഇന്ത്യക്കാര്‍
national news
കുവൈത്ത് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ 11 മലയാളികള്‍ അടക്കം 22 ഇന്ത്യക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2024, 7:41 pm

കുവൈത്ത് സിറ്റി: കുവൈത്ത് മാംഗേഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. 11 മലയാളികള്‍ അടക്കം 22 ഇന്ത്യക്കാര്‍ തീപിടിത്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആകെ 41 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ അപകടത്തില്‍ 49 ആളുകള്‍ മരിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മരണപ്പെട്ട മലയാളികളില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്.

ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ഷമീര്‍, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്,

മുരളീധരന്‍ പി.വി, വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരന്‍ നായര്‍, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍പെട്ട ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്‌ളാറ്റ്. പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.

പൊള്ളലേറ്റും പുക ശ്വസിച്ചും ഫ്ലാറ്റില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരണപ്പെട്ടത്. ആറ് നില ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. താഴത്തെ നിലയിലെ അടുക്കളയില്‍ നിന്ന് പടര്‍ന്ന തീ 4.30 ഓടെമറ്റു നിലകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.

തീപിടിത്തത്തില്‍ കമ്പനി ഉടമയെയും കെട്ടിട ഉടമയെയും കസ്റ്റഡിയിലെടുക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈത്ത് ഇമാം അപകടത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു.

തീപിടിത്തത്തില്‍ പരിക്കേറ്റവര്‍ക്കുള്ള സഹായത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന സിങ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം കാലതാമസമില്ലാതെ നാട്ടിലെത്തിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്തെഴുതി. കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. കുവൈത്തിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തീപിടിത്തം നടുക്കവും ദുഖവുമുണ്ടാക്കിയെന്ന് എന്‍.ബി.ടി.സി കമ്പനി പ്രതികരിച്ചു.

Content Highlight: 22 Indians, including 11 Malayalis, died in a fire at a labor camp in Mangef, Kuwait