22 ഫീമെയില്‍ മൂന്ന് ഭാഷകളില്‍ റീമേക്കിനൊരുങ്ങുന്നു
Movie Day
22 ഫീമെയില്‍ മൂന്ന് ഭാഷകളില്‍ റീമേക്കിനൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2013, 10:21 am

22 ഫീമെയില്‍ കോട്ടയം മൂന്ന് ഭാഷകളില്‍ കൂടി റീമേക്ക് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.  []

പഴയകാല നടനും നിര്‍മ്മാതാവുമായ രാജ്കുമാറാണ് ചിത്രം നിര്‍മ്മിക്കുക. രാജ്കുമാറിന്റെ ഭാര്യയും പഴയകാല നായികനടിയുമായ ശ്രീപ്രിയയാണ് മൂന്നു ഭാഷകളിലും ഈ ചിത്രം സംവിധാനം ചെയ്യുകയെന്നാണ് അറിയുന്നത്.

മുന്നൂറോളം സിനിമകളിലഭിനയിച്ചിട്ടുള്ള ശ്രീപ്രിയ തമിഴില്‍ ഏതാനും ചിത്രങ്ങള്‍ ഇതിനു മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ട്.

കഥയില്‍ കാര്യമായ മാറ്റം വരുത്താതെ  ചില പ്രദേശിക മാറ്റങ്ങള്‍ വരുത്തിയാണ് മൂന്ന് ഭാഷകളിലായി ചിത്രം അണിയിച്ചൊരുക്കുന്നത്. 22ഫീമെയിലിലെ അഭിനയത്തിന് നടി റീമ കലിങ്കലിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

എങ്കിലും മലയാള സിനിമയിലെ താരങ്ങളാരും തന്നെ റീമേക്കില്‍ ഉണ്ടാകില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. മൂന്നു ഭാഷക്കാര്‍ക്കും  പ്രിയങ്കരായ താരങ്ങളെയാണ് ഈ ചിത്രത്തിലെ നായികാനായക സ്ഥാനത്തേക്ക് വേണ്ടി രാജ്കുമാര്‍ തിരയുന്നത്.

എങ്കില്‍ കൂടി മലയാളത്തില്‍ ഫഹദ് മനോഹരമാക്കിയ ഇതിലെ പ്രതിനായകന്‍ കൂടിയായ നായക വേഷം ചെയ്യാന്‍ ഒരാളെ കണ്ടുപിടിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും അഭിപ്രായമുണ്ട്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ നായക വേഷത്തില്‍ ഏതെങ്കിലും പ്രമുഖ ബോളിവുഡ് താരത്തെ അവതരിപ്പിക്കാനാണത്രെ ശ്രമം. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു ചിത്രത്തിന് സമകാലീന ഇന്ത്യയില്‍ പ്രസക്തിയേറെയാണെന്നും രാജ്കുമാര്‍ പറയുന്നു

അതേ സമയം 22 ഫീമെയില്‍ കോട്ടയത്തിന്റെ കന്നഡ പതിപ്പ് താന്‍ തന്നെ നിര്‍മ്മിക്കുമെന്നും മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാകും കന്നഡ പതിപ്പിന്റെ ചുക്കാന്‍ പിടിക്കുകയെന്നും മലയാളത്തില്‍ ഈ ചിത്രം നിര്‍മ്മിച്ച ഒ.ജി. സുനില്‍ പറയുന്നു.