ഐ ആം നോട്ട് എ വെര്‍ജിന്‍
D-Review
ഐ ആം നോട്ട് എ വെര്‍ജിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th April 2012, 3:05 pm

ദുരിത
പര്‍വ്വത്തിന്റെ മുഴുവന്‍ കണ്ണീരും ഒറ്റക്ക് കുടിച്ചു വറ്റിച്ച് എരിഞ്ഞടങ്ങിയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു പുരുഷ രക്ഷകനാല്‍ സംരക്ഷിക്കപ്പെട്ടോ കഴിഞ്ഞുകൂടിയിരുന്ന സ്ത്രീ കഥാപാത്രങ്ങളെ മാത്രം കണ്ടു പരിചയിച്ച അറു മുഷിപ്പന്‍ മലയാള സിനിമാ സ്ഥലിയിലേയ്ക്ക് “ഐ ആം നോട്ട് എ വെര്‍ജിന്‍” എന്ന ഉദ്‌ഘോഷത്തോടെ ടെസ്സ കെ. എബ്രഹാം ഇടിച്ചു കയറി വരുന്ന കാഴ്ച്ചയാണ് “22 ഫീമെയില്‍ കോട്ടയം”. അനുഭവിക്കാവുന്നത്രയും അനുഭവിച്ചിട്ടും ഇനിയൊരു രക്ഷകന്റെ അവതാരം ആവശ്യമില്ല എന്ന ഉറച്ച പ്രഖ്യാപനം കൂടിയായിരുന്നുവത്. ഈ ഒരു നിഗമനത്തിലേയ്ക്ക് അവളെ കൈപിടിച്ചു നടത്താന്‍ ഇന്നോളം സ്ത്രീ സ്വത്വം നേരിട്ട വെല്ലുവിളികളുണ്ടായിരുന്നു. നിലനില്‍പ്പിന്റെയും സ്വയം തിരിച്ചറിവിന്റെയും സ്വയം നിര്‍ണയവകാശത്തിന്റെയും പ്രതിഫലനങ്ങലിലേയ്ക്ക് നയിച്ച തീക്ഷ്ണാനുഭവങ്ങള്‍ ഉണ്ടായിരുന്നു.

Film review

ദിവ്യ ദിവാകരന്‍, ഷഫീക്ക് എച്ച്.

 

തനിക്ക് നഷ്ടപ്പെട്ട വെര്‍ജിനിറ്റി തന്റെ എല്ലാം നഷ്ടപ്പെടലായി മനസ്സിലാക്കി അത് നഷ്ടപ്പെടുത്തിയവര്‍ക്കെതിരെ പക പോക്കാന്‍ ചാവേര്‍സംഘം രൂപീകരിച്ചും അല്ലാതെയും സ്വയം എരിഞ്ഞടങ്ങാന്‍ ടെസ്സ തയ്യാറല്ല. “നീ വെറും പെണ്ണ്” എന്ന പുരുഷ ബോധത്തിലേക്കുള്ള വിരല്‍ ചൂണ്ടലും, ലിംഗത്തിന്റെ ആധിപത്യമല്ല ലിംഗാധിപത്യമെന്നും അത് പുരുഷാധിപത്യം തന്നെയാണെന്നും അതിനാല്‍ അക്രമിക്കപ്പെടേണ്ടതും ഇല്ലാതാക്കപ്പെടേണ്ടതും ആ പുരുഷാധിപത്യത്തെ തന്നെയാണെന്നുമുള്ള തിരിച്ചറിവിലേക്ക് പോകുന്നുണ്ട് ഈ സിനിമ. അതുകൊണ്ട് തന്നെയാണ് “പീനെക്ടമി” (ലിംഗഛേദം) പോലും പുരുഷാധിപത്യ ബോധത്തിന് ഒരു മരുന്നല്ലെന്ന് ഞെട്ടലോടെ ഈ സിനിമ പറഞ്ഞു വെക്കുന്നത്.

friend of Tessa K. Abraham

മൂലധനാധിപത്യത്തിന്റെ ഇക്കാലത്ത് വളരുന്ന തൊഴില്‍ മേഖലയുടെയും തൊഴില്‍ സാഹചര്യത്തിന്റെയും പരിസരത്തില്‍ മധ്യവര്‍ഗ്ഗ ജീവിതം അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളിലൂടെയാണ് സിനിമ അതിന്റെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത്. “ഒന്നും കൊടുക്കാതെ ഒന്നും കിട്ടില്ലെന്ന” ഇന്നത്തെ കച്ചവടയുക്തിയെയാണ് ഇത് ചോദ്യം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത്. ഈ മധ്യവര്‍ഗ്ഗബോധത്തെ സി.എസ് വെങ്കിടേശ്വരന്‍ വരച്ചിടുന്നത് ഇങ്ങനെയാണ്; “മധ്യവര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ പുതിയതായ എന്തും ഒരു ഭീഷണിയുടെ രൂപത്തിലാണ് കടന്നുവരുക. നില നില്‍ക്കുന്ന വ്യവസ്ഥിതിയോട് അവര്‍ ഒരേ സമയം ആഴത്തിലുള്ള സംരക്ഷണ ത്വരയും ഒപ്പം അസംതൃപ്തിയും പുലര്‍ത്തുന്നു. ഒരു വശത്ത് നിലനില്‍ക്കുന്ന വ്യവസ്ഥയെ നിഷേധിക്കാനുള്ള താല്‍പര്യം, മറുവശത്ത് വരാനിരിക്കുന്നതിനെ ചൊല്ലിയുള്ള ആശങ്ക/ഭീതിയും അവിടെയുണ്ട്. ഭാവി എന്ന പ്രലോഭനം/സാധ്യത, വര്‍ത്തമാനം ഒന്ന യാഥാര്‍ഥ്യം/ഒത്തുതീര്‍പ്പ്, ഭൂതകാലം എന്ന ബാധ്യത/ഗൃഹാതുരത്വം. ഇവയ്ക്കിടയിലാണ് മധ്യവര്‍ഗ്ഗ സംസ്‌കാരം മുട്ടിത്തിരിയുന്നത്. ഈ വൈരുദ്ധ്യത്തിന്റെ അകത്തു നിന്നുകെണ്ടാണ് അവര്‍ സാമൂഹികസാങ്കേതിക മാറ്റങ്ങളെ കാണുന്നതും അഅനുഭവിക്കുന്നതും ആവിഷ്‌കരിക്കുന്നതും.”(മാധ്യമം, ഏപ്രില്‍ 23, 2012) Subaidaഎന്നാല്‍ ഈ അംന്തസംഘര്‍ഷങ്ങളില്‍ നിന്നുകൊണ്ട് അചഞ്ചലമായ ഒരു പോരാട്ടം സാധ്യമല്ല. അതുകൊണ്ട് തന്നെ നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവന്റെ ധൈര്യത്തെ ഈ പോരാട്ടത്തിനായി സിനിമ കൂട്ടുപിടിക്കുന്നു. “റൗഡി” സുബൈദയെ ടെസ്സ കെ. എബ്രഹാമിന് ആശ്രയിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണ്. ഉള്ളതെല്ലാം നഷ്ടപ്പെട്ട് അതിന്റെ നഷ്ടബോധവും പേറിക്കഴിയുന്ന മധ്യവര്‍ഗ്ഗ കഥാപാത്രത്തിലേക്ക് യാതൊന്നും നഷ്ടപ്പെടാനില്ലാതെ താഴെത്തട്ടിലെ ജീവിതത്തിലൂടെ കടന്നുവന്ന “സുബൈദ”യിലൂടെ പകര്‍ന്നു നല്‍കപ്പെടുന്ന ഊര്‍ജ്ജം, അതാണ് പിന്നീടങ്ങോട്ടുള്ള ടെസ്സയെ സൃഷ്ടിക്കുന്നത്.

T. G. Raviപെണ്ണിനെ വെറും പെണ്ണെന്നും, പ്രണയമെന്ന വികാരം അവളുടെ ദൗര്‍ബല്യമെന്ന മൂഢധാരണ വച്ചുപുലര്‍ത്തുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുവാനുള്ള ഒരു വില്‍പന വസ്തുവായും നോക്കിക്കാണുന്ന അക്രമോത്സുക മുതലാളിത്തത്തിന്റെ അതേ പുരുഷബോധം വയ്ക്കുന്ന സിറില്‍ എന്ന കഥാപാത്രത്തെ തന്നെ വിറ്റു തിന്നുന്ന ഒരു പട്ടിയോട് ടെസ്സ ഉപമിക്കുമ്പോള്‍ ഈ വ്യവസ്ഥിതിയോടുള്ള പെണ്ണിന്റെ പ്രതികരണമായി അതു മാറുന്നു. അതേ സമയം രക്തബന്ധങ്ങളുടെ നിര്‍വചനങ്ങള്‍ യാതൊന്നുമില്ലാതെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കുന്നതും ജീവിക്കാനുള്ള പ്രചോദനം നല്‍കുന്നതും ഒരു പുരുഷന്‍ തന്നെയാണ്. അതിനെ സ്വീകരിക്കുന്ന ടെസ്സയിലൂടെ പുരുഷനല്ല സ്ത്രീയുടെ ശത്രു, പുരുഷാധിപത്യ ബോധവും അതില്‍ നിന്നുള്ള പ്രവൃത്തികളാണെന്നുമുള്ള സന്ദേശം തരാനും സിനിമക്ക് കഴിയുന്നുണ്ട്.

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന കഥകള്‍ക്ക് മലയാളത്തില്‍ ഒട്ടും ക്ഷാമമില്ല. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി ഇവിടെ അത്തരം പുരുഷ ബോധത്തോട് ടെസ്സ ഏറ്റുമുട്ടുന്നത് ഒരു ദാര്‍ശനിക ഉള്‍ക്കാഴ്ച്ചയോടെയാണ്. തന്റെ പ്രണയത്തില്‍ അവള്‍ക്ക് വിട്ടുവീഴ്ച്ച ചെയ്യാനാവുന്നില്ല. പ്രണയത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഈ സിനിമയൊട്ട് തയ്യാറുമല്ല.

സെക്‌സിന്റെ അപ്രമാദിത്വപരമായ അരങ്ങുവാഴ്ച്ച ഈ ചിത്രത്തില്‍ ഒട്ടും തന്നെയില്ല. തുടക്കം മുതലുള്ള 22 ഫീമെയില്‍ കോട്ടയത്തിന്റെ സവിശേഷതയാണത്. അതേസമയം സെക്‌സ് പാപമാണെന്ന സദാചാര മൗഢ്യമൂല്യബോധത്തെ സിനിമ നിര്‍ദ്ദയം കടന്നാക്രമിക്കുന്നുണ്ട്. സെക്‌സ് മറ്റൊരാള്‍ക്ക് പങ്കുവെച്ച് പണം സമ്പാദിച്ചുകൊണ്ട് ഒരു സ്ത്രീ കഥാപാത്രത്തിന് കുറ്റബോധമില്ലാതെ, വ്യക്തിത്വ നഷ്ടമില്ലാതെ, ഈ സിനിമയില്‍ സൈ്വര്യ വിഹാരം നടത്താനാവുന്നതതുകൊണ്ടാണ്. ലൈംഗികതയ്ക്കായി സ്ത്രീ ശരീരം ആക്രമണത്തിനു വിധേയമാകുമ്പോളൊക്കെയും എല്ലാം നഷ്ടപ്പെട്ടുപോയിയെന്ന വിലാപസ്വരമല്ല സ്ത്രീയ്ക്ക് വേണ്ടതെന്നും, കന്യാചര്‍മ്മമെന്ന നേര്‍ത്ത സ്ഥരത്തിനുള്ളില്‍ കെട്ടിയിടപ്പെടേണ്ടവളല്ല സ്ത്രീയെന്നും, മറിച്ച് അത്തരം അക്രമണങ്ങളെ തന്റെ വ്യക്തിത്വത്തിനു നേരെയുള്ള അക്രമമായി, സ്വത്വത്തിനു നേരെയുള്ള വെല്ലുവിളിയായി കാണുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചുപോയി എന്ന ഓര്‍മ്മപ്പടുത്തല്‍ കൂടിയാകുന്നു ഈ ചിത്രം. ഇതൊക്കെക്കൊണ്ട് തന്നെ കുടുംബമെന്ന എന്നത്തെയും ഹീറോയ്ക്കു മുകളില്‍ ഒരു ബുള്‍ഡോസര്‍ കയറ്റാനും മടിക്കുന്നില്ല 22 ഫീമെയില്‍.

Prathap Pothan

മറ്റൊരു പ്രധാനകാര്യം കഥാപാത്രങ്ങളുടെ മേലും പ്രമേയത്തിന്റെ മേലും കഥാകാരന്‍ (സംവിധായകനോ തിരകഥകൃത്തുക്കളോ) നടത്തുന്ന അനാവശ്യമായ ഇടപെടലുകളാണ്. ഇത് പലപ്പോഴും സിനിമയെ അലോസരപ്പെടുത്തുന്നുണ്ടെന്നു മാത്രമല്ല മുഴച്ചു നില്‍ക്കുന്നുമുണ്ട്. അതിന്റെ നല്ല ഉദാഹരണമാണ്, സിറിലിനെക്കൊണ്ട് “അവളാണ് പെണ്ണ്” എന്നു പറയിക്കുവാനുള്ള അനാവശ്യമായ ധൃതി. അങ്ങനെ പറയാന്‍ ആ കഥാപാത്രത്തിനു കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് സിറിലിന്റെ പ്രകൃതം. അങ്ങനെ പറഞ്ഞില്ലെങ്കിലും സിനിമ മൊത്തത്തില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം സ്ത്രീ പക്ഷത്തുതന്നെ നിലനില്‍ക്കും. മാത്രവുമല്ല, സിനാമാന്ത്യം “സ്ത്രീയുടെ സഹനം ഒരു ദൗര്‍ബല്ല്യമല്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ” എന്ന് സിനിമാക്കാരന്‍ വന്ന് വിളമ്പേണ്ട ആവശ്യം എന്ത്? കാഴ്ച്ചക്കാരനെ സ്വതന്ത്രമായി വിടാന്‍ കഥാകാരന് ഭാവമില്ല. തന്റെ ഭയാശങ്കകളുടെ കുമ്പസ്സാരമായിരിക്കാമത്. സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയം “സ്ത്രീ സഹനത്തിന്റെ വിഷയത്തിലേയ്ക്ക്” പരിമിതപ്പെടുത്താനുള്ള വ്യഗ്രത എന്തിന്?

Photos

22 Female Kottayamസാങ്കേതികപരമായോ ലാവണ്യപരമായോ ഏറ്റവും മികച്ച സിനിമയായിരുന്നു 22 ഫീമെയില്‍ കോട്ടയം എന്ന് നമുക്ക് അവകാശപ്പെടാനാവില്ല. കഥ പറയാനായി ഫഌഷ്ബാക്ക് എന്ന പഴഞ്ചന്‍ രീതിയെയാണ് സിനിമ ഉപയോഗിക്കുന്നത്. “മള്‍ട്ടിപ്ലക്‌സ്” ചിത്രങ്ങളുടെ പൊതുസ്വഭാവമായി കടന്നു വരുന്ന യാദൃശ്ചികതകളുടെ ആധിക്യവും സിനിമയുടെ സൗന്ദര്യത്തെ സാരമായി ബാധിക്കുന്നു. എന്നിരുന്നാലും ഈ കഥയെ കാഴ്ച്ചക്കാരിലേയ്ക്ക് മനോഹരമായി സന്നിവേശിപ്പിക്കാന്‍ ആഷിക്ക് അബുവിന് കഴിഞ്ഞു എന്നു തന്നെ പറയേണ്ടതുണ്ട്.

പ്രതാപ് പോത്തന്‍, സത്താര്‍, ടി.ജി.രവി എന്നിവരുടെ തിരിച്ചുവരവും അവരുടെ പ്രതിഭയെ നന്നായി പ്രയോജനപ്പെടു്ത്തിയതും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. പ്രതാപ് പോത്തന്റെ കഥാപാത്രം മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ അഭിനയമികവു തന്നെയാണെന്ന് എടുത്തുപറയാതെ വയ്യ. കഥാപാത്ര വിന്യാസം ശക്തമായിരുന്നു ഈ സിനിമയില്‍. റീമയുടെ അഭിനയവും ഗംഭീരമായി. അതുപോലെ തന്നെയാണ് ഇതിലെ ഒരോ കഥാപാത്രങ്ങളുടെയും. ഒരു ടീം സ്പിരിറ്റിന്റെ ഊര്‍ജ്ജം നമുക്ക് അനുഭവപ്പെടുത്തിത്തരുന്നുണ്ട് സിനിമ. ഇത്തരമൊരു ഉയര്‍ന്ന രാഷ്ട്രീയ പരമായ പ്രമേയത്തെ തിരഞ്ഞെടുത്ത് തിരകഥയാക്കിമാറ്റിയ അഭിലാഷ് കുമാര്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.