| Thursday, 13th February 2020, 5:32 pm

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി യില്‍ നിന്നും രാജിവെച്ച് നേതാക്കള്‍; 22 പേര്‍ നാഗാ പീപിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഹിമ: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് പ്രവര്‍ത്തകര്‍. 22 ബി.ജെ.പി പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നത്. ദിമാപൂരില്‍ നടന്ന പരിപാടിയില്‍ ബി.ജെ.പിവിട്ടു വന്ന നേതാക്കളെ നാഗാ പീപ്പിള്‍സ് പ്രസിഡന്റ് ഷര്‍ഹൂസിലൈ ലൈസേത്സു സ്വീകരിച്ചു.

ഇനിയും പാര്‍ട്ടിപ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നുണ്ടെന്ന് പീപ്പിള്‍സ് പാര്‍ട്ടി പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

നാഗാ ജനതയുടെ തനതായ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണിതെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമാണ് എടുത്തിരിക്കുന്നതെും ബി.ജെ.പി വിട്ടുവന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ലൈസേത്സു പറഞ്ഞു.

‘നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ തോല്‍വി നേരിട്ടു കഴിഞ്ഞാല്‍ ആ പാര്‍ട്ടികള്  ഇല്ലാതാവുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ മുകിബര്‍ റഹ്മാനും നിയമകാര്യ കാര്യ കണ്‍വീനര്‍ തോഷി ലോങ് കുമാറുമുള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടവരില്‍പ്പെടുന്നു.

പൗരത്വ ഭേദഗതി നിയമം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ സാരമായി ബാധിക്കുന്നതാണെന്ന് മുകീബര്‍ റഹ്മാന്‍ പറഞ്ഞു. ജനങ്ങളുടെ സ്വത്വം സംരക്ഷിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന പാര്‍ട്ടിയാണ് നാഗാ പീപ്പിള്‍സ് പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറില്‍ നാഗാലാന്റ് സര്‍ക്കാര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സിസ്റ്റം ദിമാപുര്‍ ജില്ലയില്‍ അടിയന്തരമായി നടപ്പാക്കിയിരുന്നു. സംരക്ഷിത മേഖലകളിലേക്ക് യാത്രചെയ്യാന്‍ ആവശ്യമായി വേണ്ടുന്ന രേഖയാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്.

രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ സംസ്ഥാനത്തിനകത്തേക്ക് കയറുന്നത് തടയാന്‍ ഇന്നര്‍രലൈന്‍ പെര്‍മിറ്റ് കൊണ്ട് കഴിയില്ലെന്നും റഹ്മാന്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ 11നാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് അംഗീകരിക്കുന്നത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, തുടങ്ങിയ രാജ്യങ്ങളിലെ മുസ്‌ലിം വിഭാഗമൊഴികെയുള്ള ആറു മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. നിയമത്തിനെതിരെ രാജ്യത്ത് കടുത്ത പ്രക്ഷോഭങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more