ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സര്‍വകലാശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്‌ലാമാമാബാദില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ ചര്‍സാദായിലെ ബച്ചാഖാന്‍ സര്‍വകലാശാലയിലാണ് ആക്രമണമുണ്ടായത്. മരണപ്പെട്ടവരില്‍ ഒരു പ്രൊഫസറും ഉള്‍പ്പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു. 3000ത്തോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നത്.
രാവിലെ ഒമ്പതരയോടെയാണ് ആക്രമണമുണ്ടായത്. സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ സാഹിത്യ പരിപാടികള്‍ നടക്കുന്നതിനിടെയാണ് അക്രമികള്‍ തോക്കുമായെത്തി വെടിയുതിര്‍ത്തത്. ആക്രമി സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. നാല് ഭീകരരെ വധിച്ചുവെന്നും ഏറ്റുമുട്ടല്‍ അവസാനിച്ചതായും സൈന്യം അറിയിച്ചു.
സര്‍വകലാശാലയ്ക്കകത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്റെ (ബച്ചാ ഖാന്‍) പേരിലാണ് സര്‍വകലാശാല നാമകരണം ചെയ്തിരിക്കുന്നത്. 2014 ഡിസംബറില്‍ പെഷവാറിലെ സൈനിക സ്‌കൂളിന് നേരെ ഉണ്ടായ ആക്രമണത്തിന് സമാനമാണ് ഇന്നത്തെ ആക്രമണവും.
പെഷവാര്‍ സൈനിക സ്‌കൂളിന് 50 കിലോമീറ്റര്‍ അകലെയായിട്ടാണ് ബച്ചാഖാന്‍ സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.