| Friday, 26th April 2024, 12:01 pm

സുരേഷ് ഗോപി നാടിനെ നാണം കെടുത്തി, ബി.ജെ.പി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പണത്തിന്റെ ഉറവിടം പരിശോധിക്കണം; വി.എസ്. സുനില്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാടിനെ നാണം കെടുത്തുകയാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അപമാനകരമായ ശ്രമമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടിന് പണം വിതരണം ചെയ്‌തെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയത്തിലായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം.

ബി.ജെ.പി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പണത്തിന്റെ ഉറവിടം പരിശോധിക്കണമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

മണ്ഡലത്തിന് പുറത്തുള്ളവരെ വ്യാജ അഡ്രസ്സില്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്നും ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂര്‍ മണ്ഡലത്തിലെ ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാരാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. പണം വേണ്ടെന്ന് പറഞ്ഞ് തിരികെ നല്‍കിയെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന്‍ പണം വാങ്ങാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിച്ചു. തോല്‍വി ഉറപ്പിച്ച മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചരണമാണിതെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ പ്രതികരിച്ചിരുന്നു.

തൃശൂരിന് പുറമേ വ്യാഴാഴ്ച രാത്രി വയനാട്ടില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാണെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും ഉയര്‍ത്തുന്ന പരാതി.

Content Highlight: BJP workers should check the source of the money distributed; V.S. Sunil Kumar

We use cookies to give you the best possible experience. Learn more