| Friday, 22nd March 2024, 9:25 am

ഇലക്ടറല്‍ ബോണ്ട് പട്ടികയിലെ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ചത് 2,123 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എസ്.ബി.ഐ പുറത്ത് വിട്ടു. ആല്‍ഫാ ന്യൂമറിക് കോഡുകളും ബോണ്ട് നമ്പറുകളും എസ്.ബി.ഐ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഇത് പ്രകാരം ഏറ്റവും അധികം ബോണ്ട് നല്‍കിയ ആദ്യത്തെ പത്ത് കമ്പനികളില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ചത് 2,123 കോടി രൂപയാണെന്ന് എസ്.ബി.ഐ നല്‍കിയ കണക്കില്‍ പറയുന്നു.

വിവരങ്ങള്‍ പ്രകാരം ബി.ജെ.പിക്ക് ഏറ്റവും അധികം ബോണ്ടുകള്‍ നല്‍കിയത് മേഘാ എഞ്ചിനിയറിങ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ഏകദേശം 585 കോടി രൂപയാണ് ഈ കമ്പനിയില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ചത്. 2019 ഏപ്രില്‍ 12 മുതല്‍ 2024 വരെയുള്ള കണക്കാണിത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു കമ്പനി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബോണ്ടാണിത്. എന്നാല്‍ 2017ലേയും 2018ലേയും കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഈ കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നു.

ഏറ്റവും അധികം ബോണ്ട് നല്‍കിയ ആദ്യത്തെ പത്ത് കമ്പനികളില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ചത് 2,123 കോടി രൂപയാണ്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന് ആദ്യത്തെ പത്ത് കമ്പനികളില്‍ നിന്ന് ലഭിച്ചത് 1,198 കോടി രൂപയും കോണ്‍ഗ്രസിന് 615 കോടി രൂപയുമാണ് ലഭിച്ചത്.

2019 മുതലുള്ള ഇലക്ടല്‍ ബോണ്ട് വിശദാംശങ്ങളാണ് എസ്.ബി.ഐ ഇന്നലെ പുറത്ത് വിട്ടത്. 2019-24 വര്‍ഷങ്ങളിലായി ആകെ 6060 കോടി രൂപയാണ് ഇലക്ടല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് ലഭിച്ചത്.

അതോടൊപ്പം തന്നെ നിരവധി മരുന്ന് കമ്പനികളും ബി.ജെ.പിക്ക് ബോണ്ട് നല്‍കിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ കൂടുതലും അനധികൃതമായി മരുന്ന് നിര്‍മിച്ചു എന്ന പരാതിയില്‍ അന്വേഷണം നേരിടേണ്ടി വന്ന കമ്പനികളാണ്.

Content Highlight: 2123 crores received by BJP from the top ten companies in the electoral bond list

We use cookies to give you the best possible experience. Learn more