ന്യൂദല്‍ഹി: കാശ്മീര്‍ താഴ്‌വരയില്‍ പ്രക്ഷോഭങ്ങള്‍ നേരിടുന്നതിനായി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അയച്ചതായി സി.ആര്‍.പിഎഫ്. പുതുതായി തയ്യാറാക്കിയ 21,000 റൗണ്ട് പ്ലാസ്റ്റിക് ബുളളറ്റുകള്‍ അയച്ചതായി സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ആര്‍. ആര്‍ ഭട്ടാണ് വ്യക്തമാക്കിയത്.
പ്രതിഷേധക്കാരെ നേരിടുന്നതിനായി നിര്‍മ്മിച്ച വീര്യം കുറഞ്ഞ ആയുധമാണ് പ്ലാസ്റ്റിക് ബുള്ളറ്റെന്നും 21000 പ്ലാസ്റ്റിക് തിരകള്‍ കാശ്മീരിലെ എല്ലാ യൂണിറ്റുകളിലേക്കും അയച്ചിട്ടുണ്ടെന്നും ഭട്‌നഗര്‍ പറഞ്ഞു. എ.കെ 47, 56 സീരിസുകള്‍ക്ക് അനുയോജ്യമായ ബുള്ളറ്റുകളാണിതെന്നും അദ്ദേഹം പറഞ്ഞു.
പൂനെയിലെ ഓഡന്‍സ് ഫാക്ടറിയിലാണ് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) മേല്‍നോട്ടത്തില്‍ തിരകള്‍ തയ്യാറാക്കിയത്. നേരത്തെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു.
പെല്ലറ്റ് തോക്കുകളില്‍ നിന്നുള്ള വെടിയേല്‍ക്കുന്നവര്‍ക്ക് ശരീരത്തില്‍ മാരകമായ മുറിവേല്‍ക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സി.ആര്‍.പി.എഫ്. പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അവതരിപ്പിച്ചത്.