| Tuesday, 13th August 2019, 7:21 pm

ഭീകരാക്രമണത്തിനു പുറമേ സഹോദരിയെയും കൊലപ്പെടുത്തി; നോര്‍വേയിലെ മുസ്‌ലിം പള്ളിയില്‍ ആക്രമണം നടത്തിയ 21-കാരന്‍ കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോര്‍വേ: ശനിയാഴ്ച നോര്‍വേയിലെ മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണം നടത്തിയ 21-കാരന്‍ ഓസ്‌ലോയിലെ കോടതിയില്‍ ഇന്നു ഹാജരായി. സഹോദരിയെ കൊല ചെയ്തതിലും പള്ളിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കൊലപാതക ശ്രമത്തിലും നോര്‍വേ സ്വദേശിയായ ഫിലിപ്പ് മാന്‍ഷോസിനെതിരെ കേസെടുത്തിട്ടുണ്ട്.

ഫിലിപ്പിന്റെ കഴുത്തില്‍ ചതവുകളും മുറിവുകളും കാണാനായെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കോടതി ഇയാളെ ഒരുമാസം കൂടി റിമാന്‍ഡ് ചെയ്തു. അടച്ചിട്ട മുറിയിലാണു വാദം നടന്നത്.

കോടതിമുറ്റത്തെത്തിയ മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ നോക്കി ഫിലിപ്പ് ചിരിച്ചെന്നും എന്നാല്‍ ഒന്നും പറഞ്ഞില്ലെന്നും ബി.ബി.സിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ബെയ്‌റമിലുള്ള വീട്ടില്‍ നിന്ന് ഭീകരാക്രമണത്തിനു ശേഷമാണ് 17-കാരിയായ സഹോദരിയുടെ മൃതദേഹം ലഭിച്ചത്.

ആക്രമണം നടക്കുമ്പോള്‍ മൂന്നുപേര്‍ മാത്രമാണു പള്ളിയിലുണ്ടായിരുന്നത്. സംഭവം നടക്കുന്നതിനിടെ പള്ളിയിലുണ്ടായിരുന്ന മുഹമ്മദ് റഫീഖ് എന്ന വ്യക്തി അക്രമിയെ പിടികൂടുകയായിരുന്നു.

ഒന്നിലേറെ ആയുധങ്ങളുമായി ഹെല്‍മെറ്റും ജാക്കറ്റിനു സമാനമായ ഒരു വസ്ത്രവും ധരിച്ചാണ് ഇയാള്‍ പള്ളിക്കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതെന്ന് പള്ളി ഡയറക്ടര്‍ പറഞ്ഞിരുന്നു. ഒന്നിലേറെത്തവണ വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും കാര്യമായ പരിക്കേറ്റില്ല.

അന്വേഷണ ഉദ്യോഗസ്ഥരോട് ഇതുവരെ ഇയാള്‍ സഹകരിച്ചിട്ടില്ല. അവരോട് സംസാരിക്കാത്ത ഫിലിപ്പ്, തന്റെ പേരിലുള്ള കുറ്റങ്ങളൊക്കെയും നിഷേധിച്ചിട്ടുണ്ട്.

ഒരുവര്‍ഷം മുന്‍പേ ഇയാളെ സംശയമുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആക്രമണമുണ്ടാകുമെന്നു വിചാരിച്ചില്ലെന്നും നോര്‍വേ പി.എസ്.ടി പൊലീസ് തലവന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വലതുപക്ഷ നിലപാടുകളും കുടിയേറ്റ വിരുദ്ധ കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുന്നയാളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

ചിത്രത്തിലുള്ളത്: ഇടതുവശത്ത് അക്രമിയും വലതുവശത്ത് അയാളെ പിടികൂടിയ മുഹമ്മദ് റഫീഖും. ചിത്രത്തിനു കടപ്പാട്: ബി.ബി.സി

Latest Stories

We use cookies to give you the best possible experience. Learn more