ന്യൂദല്‍ഹി: നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 21 വെയ്റ്റ്‌ലിഫ്റ്റിങ് താരങ്ങളെ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍ സസ്‌പെന്റ് ചെയ്തു. ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ അടുത്ത വര്‍ഷങ്ങള്‍ക്കിടെ ഫെഡറേഷന്‍ കൈകൊണ്ട ഏറ്റവും വലിയ നടപടിയാണിത്.
പരിശോധനാ ഫലം പോസിറ്റീവായതിനാലാണ് ഇവരെ സസ്‌പെന്റ് ചെയ്തത്. വ്യത്യസ്ത മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. നാഷണല്‍ യൂത്ത് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്, ജൂനിയര്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലാണ് കൂടുതല്‍പ്പേര്‍ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. യമുനാനഗറില്‍ ജനുവരിയിലായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നത്.
“21 പേര്‍ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയും അവരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. അവരുടെ “ബി” സാമ്പളിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.” ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്റെ സെക്രട്ടറി ജനറലായ സഹ്‌ദേവ് യാദവ് പറഞ്ഞു. സര്‍വകലാശാല, പോലീസ് ഗെയിം, റയില്‍വേ തുടങ്ങിയവയുടെ മത്സരങ്ങള്‍ക്ക് ഇവര്‍ക്ക് പങ്കെടുക്കാമെന്നും സാമ്പിള്‍ “ബി”യുടെ റിസള്‍ട്ടും പോസിറ്റീവ് ആണെങ്കില്‍ ഇവര്‍ക്ക് നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.