കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 21 വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി ആരോപണം. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. 21 കുട്ടികളില്‍ ഒരാള്‍ പോലും അധ്യാപകനെതിരെ മൊഴി നല്‍കിയിട്ടില്ല. അധ്യാപകന്‍ ചൂരല്‍ കൊണ്ട് അടിച്ചുവെന്നല്ലാതെ മറ്റു പരാതികളൊന്നും കുട്ടികള്‍ നല്‍കിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് വ്യക്തമാക്കി.
[] അഞ്ചും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളോട് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ലൈംഗികച്ചുവയോടെ പെരുമാറിയെന്നാണ് പരാതിയുമായി രക്ഷിതാക്കളാണ് രംഗത്ത് വന്നത്.സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.
ശിക്ഷിക്കാനെന്ന രീതിയില്‍ മുറിയിലേക്കു വിളിച്ചുവരുത്തി ശരീര ഭാഗങ്ങളില്‍ പിടിക്കുകയാണ് അധ്യാപകന്റെ പതിവെന്നും മാസങ്ങള്‍ക്ക് മുമ്പേ നടന്ന സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം.സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത പി.ടി.എ പ്രസിഡന്റിനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയതായും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
ആരോപണം വാര്‍ത്തയായതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് നേരിട്ട് സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂളില്‍ സ്ഥാപിച്ച പോലീസിന്റെ പരാതിപ്പെട്ടിയില്‍ ചില മുതിര്‍ന്ന വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ പരാതി എഴുതിയിട്ടിരുന്നു. ഈ കുട്ടികളെ നേരിട്ടുകണ്ട് സംസാരിച്ചതോടെ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമായതായി കമ്മീഷണര്‍ പറഞ്ഞു.
പി.ടി.എയും ജാഗ്രതാ സമിതിയും നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനും അറിയിച്ചു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പോലീസിന് വൈകാതെ പരാതി നല്‍കുമെന്നുമാണ് ആരോപണമുന്നയിച്ച രക്ഷിതാക്കള്‍ പറയുന്നത്.
അതേസമയം സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ അഡ്വ. നസീര്‍ ചാലിയം സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സംഭവത്തില്‍ കൈക്കൊണ്ട മുഴുവന്‍ നടപടികളും സഹിതമുള്ള റിപ്പോര്‍ട്ട് ഏഴുദിവസത്തിനകം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.