ഒഡീഷ മന്ത്രിസഭയില്‍ അഴിച്ചുപണി: 21 പുതിയ മന്ത്രിമാര്‍
national news
ഒഡീഷ മന്ത്രിസഭയില്‍ അഴിച്ചുപണി: 21 പുതിയ മന്ത്രിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th June 2022, 7:49 pm

ഭുപനേശ്വര്‍: ഒഡീഷ മന്ത്രിസഭയില്‍ പുന:സംഘടന. 21 പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റു. 2024ലെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി മന്ത്രിസഭ പുനഃസ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി നവീന്‍ പട്നായിക് എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റത്.

ഒഡീഷ ഗവര്‍ണര്‍ ഗണേഷി ലാല്‍ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 13 മന്ത്രിമാര്‍ക്ക് കാബിനറ്റ് റാങ്ക് നല്‍കിയിട്ടുണ്ട്. 8 പേര്‍ സഹമന്ത്രിമാരുമാണ്.

രാജ്ഭവന് പകരം ലോക്‌സേവാഭവനിലാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.

പാര്‍ലമെന്ററി കാര്യ വകുപ്പിന് പുറമെ ധനകാര്യ വകുപ്പും നിരഞ്ജന്‍ പൂജാരി കൈകാര്യം ചെയ്യും. നബ കിഷോര്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തില്‍ തുടരും.

പ്രഫുല്ല മല്ലിക്, സ്റ്റീല്‍, മൈന്‍സ് മന്ത്രിയായും, മുന്‍ മന്ത്രി പ്രതാപ് ദേബ് ഇന്‍ഡസ്ട്രീസ്, എം.എസ്.എം.ഇ വകുപ്പുകളും കൈകാര്യം ചെയ്യും. ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്‌സസ് വകുപ്പ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫാര്‍മേഴ്‌സ് എംപവര്‍മെന്റ് തുടങ്ങിയ വകുപ്പുകള്‍ രാണേന്ദ്ര പ്രതാപ് സ്വെയ്ന്‍ വഹിക്കും.
വനം, പരിസ്ഥിതി, പഞ്ചായത്തിരാജ്, കുടിവെള്ളം, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് എന്നീ മൂന്ന് പ്രധാന വകുപ്പുകളും പ്രദീപ് അമിത്ത് കൈകാര്യം ചെയ്യും.

മുന്‍ മന്ത്രി അതാനു സബ്യസാചി നായക്കിന് ഭക്ഷ്യ ഉപഭോക്തൃ ക്ഷേമ, സഹകരണ വകുപ്പുകളും തുക്കുനി സാഹുവിന് ജലവിഭവം, വാണിജ്യം, ഗതാഗതം എന്നീ വകുപ്പുകളും ലഭിച്ചു.

ശാസ്ത്ര-സാങ്കേതികവിദ്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍, സാമൂഹിക സുരക്ഷ, വികലാംഗരുടെ ശാക്തീകരണം എന്നീ വകുപ്പുകളുടെ ചുമതല അശോക് പാണ്ഡെയ്ക്കായിരിക്കും.

രാജേന്ദ്ര ധോലാകിയയ്ക്ക് പ്ലാനിംഗ്, കണ്‍വേര്‍ജന്‍സ് പോര്‍ട്ട്ഫോളിയോ, എസ്സി, എസ്ടി, ന്യൂനപക്ഷ വികസനം എന്നിവ ജഗന്നാഥ് സാരക്കയ്ക്കും ലഭിച്ചു.

സ്‌കൂള്‍ ബഹുജന വിദ്യാഭ്യാസത്തില്‍ സമീര്‍ രഞ്ജന്‍ ദാസ് തുടരും. ടൂറിസം വകുപ്പും എക്‌സൈസും അശ്വിനി കുമാര്‍ പത്ര കൈകാര്യം ചെയ്യും.

ഗ്രാമീണ വികസനത്തിന്റെയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും ചുമതല പ്രീതിരഞ്ജന്‍ ഘറായിക്കായിരിക്കും. കൈത്തറി വകുപ്പ് റീത്ത സാഹു വഹിക്കും.
ബസന്തി ഹെംബ്രാമായിരിക്കും സ്ത്രീകളുടെയും കുട്ടികളുടെയും വികസന വകുപ്പ് കൈകാര്യം ചെയ്യുക.

പ്രതാപ് ജെന, ദിബ്യാശങ്കര്‍ മിശ്ര, അരുണ്‍ കുമാര്‍ സാഹു, ജ്യോതി പ്രകാശ് പാണിഗ്രാഹി, പ്രേമാനന്ദ നായക്, സുശാന്ത് സിംഗ്, പദ്മനാഭ ബെഹ്റ, സുദം മാര്‍ണ്ടി, രഘുനന്ദന്‍ ദാസ്, പദ്മിനി ഡയാന്‍ എന്നിവരാണ് മുന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍.

നിരഞ്ജന്‍ പൂജാരി, പ്രഫുല്ല കുമാര്‍ മല്ലിക്, തുകുനി സാഹു, നബ കിഷോര്‍ ദാസ്, സമീര്‍ രഞ്ജന്‍ ദാഷ്, രണേന്ദ്ര പ്രതാപ് സ്വയിന്‍, അശോക് ചന്ദ്ര പാണ്ഡ, ജഗന്നാഥ് സരക, തുഷാര്‍കാന്തി ബെഹ്റ എന്നിവരടക്കം ഒമ്പത് മന്ത്രിമാരെയാണ് നിലനിര്‍ത്തിയിരിക്കുന്നത്.

പ്രമീള മല്ലിക്, ഉഷാദേവി, പ്രതാപ് കേസരി ദേബ്, അതനു സബ്യസാചി നായക്, പ്രദീപ് കുമാര്‍ അമത് തുടങ്ങി കഴിഞ്ഞ മന്ത്രിസഭയില്‍ ഇല്ലാതിരുന്ന അഞ്ച് മുതിര്‍ന്ന എം.എല്‍.എമാരെയും പുതിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: 21 new ministers sworn in Odisha Cabinet .