ന്യൂദല്‍ഹി: വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്ത 21 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്താന്‍ കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.
ബി.എസ്.എന്‍.എല്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ക്കാണ് മന്ത്രാലയം ഉത്തരവ് നല്‍കിയിരിക്കുന്നത്. സിമ്മുകളില്‍ പരിശോധന നടത്തി വ്യാജമാണെന്ന് കണ്ടെത്തിയാല്‍ റദ്ദാക്കണമെന്നാണ് നിര്‍ദേശം.
വ്യാജ സിമ്മുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണങ്ങളും സാമ്പത്തിക തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നടപടി വേഗത്തിലാക്കുന്നത്.
സഞ്ചാര്‍ സാതി എന്ന പദ്ധതിയിലൂടെ മന്ത്രാലയം സിമ്മുകളുടെ പരിശോധന നടത്തുകയും ചെയ്തിരുന്നു. ആക്റ്റീവ് അല്ലാത്ത സിമ്മുകളിലും പരിശോധന ടെലികോം മന്ത്രാലയം പരിശോധന നടത്തുകയുണ്ടായി.
വ്യാജ രേഖകള്‍ ഉപയോഗിച്ച് സജീവമാക്കിയ സിമ്മുകള്‍ റദ്ദാക്കിക്കൊണ്ട് ഡാറ്റ ക്ലീന്‍ ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് 21 ലക്ഷത്തോളം വ്യാജ സിമ്മുകള്‍ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
ടെലികോം നയമനുസരിച്ച് ഒരു വ്യക്തിക്ക് ഒമ്പത് സിമ്മുകള്‍ ഉപയോഗിക്കാം. എന്നാല്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ 1.92 കോടിയോളം ആളുകള്‍ ഈ നിയമം ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlight: 21 lakh SIM cards used with fake documents will be cancelled