ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങളുടെ കൊള്ള
natioanl news
ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങളുടെ കൊള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2024, 11:04 pm

പാട്ന: ബീഹാറില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് 21 ലക്ഷം രൂപ കൊള്ളയടിച്ചുവെന്ന് റിപ്പോര്‍ട്ട്. ബാങ്കിലെത്തിയ ഏഴംഗ സംഘം പണം തട്ടിയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ദുല്‍ഹിന്‍ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജാമുയി കൊറയ്യ ഗ്രാമത്തിലെ ശാഖയിലാണ് മോഷണം നടന്നത്. ബാങ്ക് തുറന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ മോഷ്ടാക്കളാണ് ബാങ്ക് കൊള്ളയടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ആയുധധാരികളായ പ്രതികള്‍ പി.എന്‍.ബിയുടെ ശാഖയില്‍ പ്രവേശിച്ച് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി 21 ലക്ഷം രൂപ കൊള്ളയടിക്കുകയായിരുന്നു. ജീവനക്കാരെ പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. മോഷണത്തിനിടെ ബാങ്കില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ ഡി.വി.ആറും പ്രതികള്‍ കൊണ്ടുപോയെന്നും പൊലീസ് വ്യക്തമാക്കി.

കവര്‍ച്ചയില്‍ ജില്ലാ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ബാങ്കിന്റെ സമീപത്തുള്ള കടകളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് നിലവില്‍ പ്രതികളെ തിരയുന്നത്. ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തിയെന്ന് പാട്ന വെസ്റ്റ് സിറ്റി എസ്.പി അഭിനവ് ധിമാന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ബീഹാറിലെ ജെ.ഡി.യു സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും അക്രമങ്ങള്‍ തടയുന്നതില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി.

Content Highlight: 21 lakh rupees looted from Punjab National Bank branch in Bihar