അഹമ്മദാബാദ്: ഗുജറാത്തില്‍ ബനസ്‌കന്ത ജില്ലയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ഉടമ അറസ്റ്റില്‍. ദീപക് മൊഹ്നാനിയെയാണ് അറസ്റ്റിലായത്. നിയമവിരുദ്ധമായാണ് പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.
ദീപക് മൊഹ്നാനിയെ ചൊവ്വാഴ്ച രാത്രി അയല്‍ജില്ലയായ സബര്‍കാന്തയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ബോര്‍ഡര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ചിരാഗ് കൊറാഡിയ പറഞ്ഞു. ദീപക് ട്രേഡേഴ്സ് എന്ന വെയര്‍ഹൗസ് ദീപക്കിന്റെയും പിതാവ് ഖുബ്ചന്ദ് മൊഹ്നാനിയുടെയും ഉടമസ്ഥതയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്നലെ (ചൊവ്വ) രാവിലെ 9.45ഓടെ ഉണ്ടായ സ്ഫോടനത്തില്‍ 21 പേരാണ് മരിച്ചത്. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍ മരണപ്പെട്ടത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങള്‍ തകര്‍ന്നുവീണിരുന്നു. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകളാണ് കുടുങ്ങിയത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ഇരു സര്‍ക്കാരുകളും ചേര്‍ന്ന് 50,000 രൂപ വീതം നല്‍കും.
മധ്യപ്രദേശിലെ ഹര്‍ദ, ദേവാസ് ജില്ലകളില്‍ നിന്നുള്ളവരാണ് സ്ഫോടനത്തില്‍ മരണപ്പെട്ടതെന്ന് ജില്ലാ കളക്ടര്‍ മിഹിര്‍ പട്ടേല്‍ പറഞ്ഞു. പടക്ക നിര്‍മാണശാലയിലെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.
ഇതില്‍ 19 പേരുടെ തിരിച്ചറിയല്‍ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും മറ്റ് രണ്ട് പേരെ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ 23 പേര്‍ ജോലി ചെയ്തിരുന്നു. പൊലീസ് ഉള്‍പ്പെടെ 200 ലധികം രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് കെട്ടിടത്തില്‍ ആളിപ്പടര്‍ന്ന തീയണച്ചത്.
Content Highlight: 21 killed in firecracker factory accident in Gujarat; Factory owner arrested