| Tuesday, 22nd March 2022, 6:02 pm

Twenty One Gms Review | കാണുന്നവരെയും വട്ടം കറക്കുന്ന ത്രില്ലര്‍

അന്ന കീർത്തി ജോർജ്

ഒറ്റത്തവണ കണ്ടിരിക്കാവുന്ന, അത്യാവശ്യം ട്വിസ്റ്റുകളുള്ള ഒരു ത്രില്ലറാണ് 21 ഗ്രാംസ്.

നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി സംവിധാനം ചെയ്തിരിക്കുന്ന 21 ഗ്രാംസ് അവസാനം വരെയും പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്.

ഇരട്ട കൊലപാതകവും അതിന്റെ അന്വേഷണവുമാണ് 21 ഗ്രാംസിന്റെ കഥ. ഇത്തരം കഥകളുടെ നോര്‍മല്‍ ഫോര്‍മാറ്റില്‍ തന്നെയാണ് 21 ഗ്രാംസും സഞ്ചരിക്കുന്നത്.

ഒരു അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലേക്ക് തെളിയിക്കാനാകാത്ത ഒരു കേസെത്തുകയാണ്. അതുവരെ അന്വേഷണം നടത്തിയ കേസ് ഡയറികളിലൂടെയും മൊഴികളിലൂടെയുമാണ് ഈ കൊലപാതകത്തിന്റെ പ്ലോട്ട് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

സിനിമയിലെ കേസന്വേഷണത്തിനൊപ്പം പ്രേക്ഷകനെയും കൊണ്ടുപോകാന്‍ ചിത്രത്തിനാകുന്നുണ്ട്. സിനിമയുടെ പ്ലസ് പോയിന്റും അതാണ്.

‘സിനിമയിലെ പൊലീസുകാര്‍ക്ക് മുമ്പേ നമുക്ക് ആളെ പിടികിട്ടിയല്ലോ, അതിന് വേണ്ടിയാണല്ലേ ആദ്യം ആ ഡയലോഗ് കാണിച്ചത്’ എന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് അതിനെ തെറ്റിക്കുന്ന ട്വിസ്റ്റുകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

സിനിമയുടെ തിരക്കഥ ഈയൊരു രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യാവസാനം എന്‍ഗേജിങ്ങായ രീതിയിലാണ് സിനിമ മുന്നോട്ടു പോകുന്നത്.

ചിത്രത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന ചില സംഭവങ്ങള്‍ എന്തായിരുന്നുവെന്നും അതിന് പ്ലോട്ടുമായുള്ള ബന്ധത്തെക്കുറിച്ചും ബാക്കി സമയത്ത് നമ്മള്‍ ചിന്തിക്കുന്നത് സിനിമയില്‍ എന്‍ഗേജ് ചെയ്യാന്‍ സഹായിക്കുന്നതായിരുന്നു.

മെഡിക്കല്‍ ഫീല്‍ഡിലെ തെറ്റായ രീതികള്‍, പണവും സ്വാധീനവുമുള്ളവര്‍ രക്ഷപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളും പിന്നെ കേസ് അന്വേഷണത്തിനിടയില്‍ നടക്കുന്ന ചില ഇമോഷണല്‍ ബാക്ക് ഡ്രോപ്പുകളും സിനിമയിലുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഓഫീസര്‍ നന്ദ കിഷോറെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അനൂപ് മേനോനാണ്.

ലിയോണ ലിഷോയ്, അനു മോഹന്‍, ലെന, ജീവ, രഞ്ജിത്ത് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് വേഷങ്ങളിലെത്തിയിരിക്കുന്നത്. എല്ലാവരും തങ്ങളുടെ ഭാഗങ്ങള്‍ സിനിമക്ക് ചേരുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ടെലിവിഷന്‍ അവതാരകനായ ജീവയുടെ പെര്‍ഫോമന്‍സാണ് സിനിമയില്‍ കുറച്ചുകൂടി ഇഷ്ടപ്പെട്ടത്. നമ്മള്‍ സാധാരണ കാണുന്ന പേഴ്സോണയില്‍ നിന്നും വ്യത്യസ്തമായ ഈ വേഷത്തെ വളരെ സ്വാഭാവികതയോടെ ജീവ കൈകാര്യം ചെയ്തിട്ടുണ്ട്.

പ്രശാന്ത് അലക്സാണ്ടറിന്റെ പൊലീസ് വേഷവും, കുറഞ്ഞ സമയം മാത്രമേ വരുന്നുള്ളുവെങ്കിലും നല്ല സ്‌ക്രീന്‍ പ്രസന്‍സ് നേടുന്നുണ്ട്.

ഡയലോഗുകളിലെ നാടകീയതയും ആവശ്യമില്ലാത്ത ചില മാസ് സ്ലോ മോഷന്‍ സീനുകളുമാണ് സിനിമയുടെ പേസ് നഷ്ടപ്പെടുത്തുന്നത്. അന്വേഷണ സിനിമകളില്‍ തീര്‍ച്ചയായും പറഞ്ഞിരിക്കണം, എന്ന് പറയുന്ന തരത്തിലുള്ള ചില ഡയലോഗുകള്‍ ഈ സിനിമയില്‍ വരുന്നുണ്ട്.

പല കഥാപാത്രങ്ങളുടെയും നിര്‍ണായകമായ സംസാരങ്ങളും വില്ലന്‍ കഥാപാത്രത്തിന്റെ അവസാനത്തെ പ്രസംഗവുമൊക്കെ ഇത്തരത്തിലുള്ളതായിരുന്നു. ക്ലീഷേ ടച്ച് വരുന്ന പല സീനുകളെയും ഈ സിനിമ വലിയ ബോറാക്കാതെ തിരക്കഥ കൊണ്ട് രക്ഷപ്പെടുത്തുമ്പോള്‍, ഇത്തരം ചില സീനുകളില്‍ കാര്യങ്ങള്‍ കുറച്ച് കൈവിട്ട് പോകുകയാണ്. സംവിധാനം ചെറുതായി പാളിപ്പോകുന്നതും ഇവിടെയാണ്.

ദീപക് ദേവിന്റെ ബി.ജി.എമ്മും ജിത്തു ദാമോദറിന്റെ ക്യാമറയും അപ്പു എന്‍. ഭട്ടതിരിയുടെ എഡിറ്റിങ്ങും സിനിമയുടെ മൊത്തം ഔട്ട്പുട്ടിനെ മികച്ചതാക്കുന്നതില്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ചില സമയത്തെ പാട്ടുകളുടെ കടന്നുവരവ് ഒരു കല്ലുകടിയാകുന്നുണ്ട്.

ഇത്തരം ചില പാളിച്ചകളൊക്കെ ഉണ്ടെങ്കിലും, പ്രതീക്ഷ വെക്കാവുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ് താനെന്ന് നവാഗതനായ ബിബിന്‍ കൃഷ്ണ തെളിയിക്കുന്നുണ്ട്. തീര്‍ച്ചയായും വണ്‍ ടൈം വാച്ചിന് പറ്റുന്ന ഒരു ത്രില്ലറാണ് 21 ഗ്രാംസ്.

Content Highlight: 21 grams movie review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more