| Monday, 9th March 2015, 8:37 am

അസം പൗരനെതിരായ ആക്രമണം: നാഗാലന്റില്‍ നിന്നും 4000 മുസ്‌ലീങ്ങള്‍ നാടുവിട്ടെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊഹിമ: ബലാത്സംഗക്കേസിലെ പ്രതിയെ മര്‍ദ്ദിച്ചുകൊന്ന പശ്ചാത്തലത്തില്‍ നാഗാലന്റില്‍ നിന്നും 4000 ബംഗാളി മുസ്‌ലീങ്ങള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. 1000 കുടുംബങ്ങളില്‍ നിന്നായി 4000 പേര്‍ ആക്രമണം ഭയന്ന് നാടുവിട്ടെന്നാണ് ദിമാപൂരിലെ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നത്.

ഇവരിലാര്‍ക്കും ഭീഷണിയോ പീഡനമോ നേരിടേണ്ടി വന്നിട്ടില്ലെന്നും ആക്രമണം ഭയന്നാണ് ഇവര്‍ നാടുവിട്ടതെന്നുമാണ് മുസ്‌ലിം കൗണ്‍സില്‍ പറയുന്നത്.

അതിനിടെ ബലാത്സംഗക്കേസ് പ്രതി സയ്യിദ് ഫരീഖ് ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 21 പേരെ പോലീസ് അറസ്റ്റു ചെയ്തു. അതിനിടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാഗാലന്റിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

ജെയിന്‍ ആക്രമിക്കുന്നതിന്റെയും ഖാനെ മര്‍ദ്ദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തിരിച്ചറിഞ്ഞ ആളുകളെയാണ് അറസ്റ്റു ചെയ്തതെന്നാണു പോലീസ് പറയുന്നത്.

അതിനിടെ കൊല്ലപ്പെട്ട ഖാന്റെ മൃതദേഹം ഞായറാഴ്ച രാവിലെ കനത്ത സുരക്ഷാ വലയത്തില്‍ സ്വദേശമായ ബോസ്ല ഗ്രാമത്തില്‍ സംസ്‌കാരിച്ചു.

അതിനിടെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ സംബന്ധിച്ച് നാഗാലന്റ് പോലീസ് മൗനം പാലിക്കുകയാണ്.

പെണ്‍കുട്ടിയും ബന്ധുക്കളും ചേര്‍ന്ന് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഖാന്റെ ഇളയ സഹോദരന്‍ സുബറുദ്ദീന്‍ ആരോപിക്കുന്നത്. അവര്‍ ആവശ്യപ്പെട്ട 2 ലക്ഷം രൂപ കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഖാനെതിരെ പരാതി നല്‍കിയതെന്നാണ് സഹോദരന്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more