ന്യൂദല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുന്‍ ജഡ്ജിമാരുടെ കത്ത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ ആയിരുന്ന 21 പേര്‍ ചേര്‍ന്നാണ് ചീഫ് ജസ്റ്റിന് കത്ത് അയച്ചത്.
ചില കേസുകള്‍ പരിഹരിക്കുന്നതിന് വേണ്ടി വലിയ രീതിയിലുള്ള സമ്മര്‍ദം ജുഡീഷ്യറിക്ക് മേല്‍ ചുമത്തുന്നതായി കത്തില്‍ ആരോപിച്ചു. നേരത്തെ 600 അഭിഭാഷകര്‍ ചേര്‍ന്ന് സമാനമായ കത്ത് ചീഫ് ജസ്റ്റിസിന് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യറിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ ജഡ്ജിമാരും ചീഫ് ജസ്റ്റിസിന് കത്ത് അയച്ചത്.
ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ചിലരുടെ നീക്കത്തിൽ ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ നാല് വിരമിച്ച ജഡ്ജിമാരും ഹൈക്കോടതിയിലെ 17 മുന്‍ ജഡ്ജിമാരുമാണ് കത്തയച്ച കൂട്ടത്തില്‍ ഉള്ളത്.
‘സമ്മര്‍ദം, തെറ്റായ വിവരങ്ങള്‍, പൊതു അവഹേളനം എന്നിവയിലൂടെ ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ചില വിഭാഗങ്ങളുടെ ശ്രമങ്ങള്‍ വര്‍ധിക്കുന്നതായി കത്തില്‍ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളും വ്യക്തിപരമായ നേട്ടങ്ങളും മുന്‍നിര്‍ത്തിയുള്ള ഈ ഘടകങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ജുഡീഷ്യല്‍ പ്രക്രിയകളെ വഴിതിരിച്ചുവിടാനുള്ള വ്യക്തമായ ശ്രമങ്ങള്‍ നടക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ ജുഡീഷ്യറിയുടെ പവിത്രതയോട് അനാദരവ് കാട്ടുന്നതിനോടൊപ്പം നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു,’ കത്തില്‍ പറഞ്ഞു.
രാഷ്ട്രീയ താത്പര്യങ്ങളില്‍ നിന്ന് വിട്ട് നിന്ന് ജനാധിപത്യത്തിന്റെ പ്രധാന ഘടകമായി ജുഡീഷ്യറി നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ജഡ്ജിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ജൂഡീഷ്യറിയോട് എന്നും കൂറ് പുലര്‍ത്തുമെന്നും അതിന്റെ അന്തസ്സും, നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: 21 former judges write to CJI alleging people with political interest casting aspersion on judiciary