ക്വാലാലംപുര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരില്‍ സ്‌കൂളിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 21 കുട്ടികളടക്കം 24 പേര്‍ വെന്തു മരിച്ചു.ദാറുല്‍ ഖുറാന്‍ ഇത്തിഫഖിയ തഹ്ഫീസ് സ്‌കൂളില്‍ ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്.
തീപടര്‍ന്ന മുറിയിയ്ക്ക് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. മെറ്റല്‍ ഗ്ലാസിന്റെ ജനാലുകളും ആയിരുന്നു. അതുകൊണ്ട് തന്നെ പുറത്തുകടക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞില്ല. രക്ഷാ പ്രവര്‍ത്തകര്‍ സംവസ്ഥലത്തെത്തുമ്പോഴേക്കും കെട്ടിടം മുഴുവന്‍ കത്തിനശിച്ചിരുന്നു.
മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 13നും 17നും പ്രായമധ്യേയുള്ളവരായിരുന്നു മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും.
മതപഠനകേന്ദ്രത്തിന്റെ രണ്ടാം നിലയിലായിരുന്നു അപകടമുണ്ടായത്. അഗ്‌നിബാധയുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള പ്രത്യേക ഗോവണിയുണ്ടായിരുന്നെങ്കിലും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഗോവണിയിലേക്കുള്ള ഇടങ്ങളിലെല്ലാം തടസ്സങ്ങളായിരുന്നു. കെട്ടിടം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. താഴെ നിലയില്‍ ഉണ്ടായിരുന്ന അഞ്ച് കുട്ടികളെ അഗ്നിശമന സേനാ വിഭാഗക്കാര്‍ രക്ഷിക്കുകയായിരുന്നു.