മൂന്നാം തവണയും ഷി ജിന്‍പിങ് പ്രസിഡന്റാകും; ചൈനയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
World News
മൂന്നാം തവണയും ഷി ജിന്‍പിങ് പ്രസിഡന്റാകും; ചൈനയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th October 2022, 10:29 am

ബീജിങ്: ചൈനയില്‍ 20ാമത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഞ്ചവത്സര കോണ്‍ഗ്രസ് ഞായറാഴ്ച മുതല്‍ തുടങ്ങും. ഒരാഴ്ചത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട 2,296 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആശയപരവും തന്ത്രപരവുമായ ആലോചനകള്‍ നടത്തുന്നത്.

മൂന്നാം തവണയും ഷി ജിന്‍പിങ് രാജ്യത്തിന്റെ പ്രസിഡന്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ മാത്രമേ അധികാരത്തിലേറാവൂ എന്ന ചട്ടം 2018ല്‍ ഷി ജിന്‍ പിങിന് വേണ്ടി റദ്ദാക്കിയിരുന്നു. 2012 മുതല്‍ ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും 2013 മുതല്‍ ചൈനയുടെ പ്രസിഡന്റുമാണ് ഷി ജിന്‍ പിങ്.

പാര്‍ട്ടി നേതൃത്വത്തിലേക്ക് കൂടുതല്‍ പുതുമുഖങ്ങളെത്തുമെന്നും പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് ഇളവ് നല്‍കുമെന്നും തെരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കിയ വാര്‍ത്തസമ്മേളനത്തില്‍ വക്താവ് സുന്‍ യേലി ഷി ജിന്‍പിങ് അറിയിച്ചു. പ്രായപരിധിയുടെയും പത്തുവര്‍ഷ കാലാവധിയുടെയും പേരില്‍ പല പ്രമുഖ നേതാക്കള്‍ക്കും പുറത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാന്‍, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ് എന്നീ മൂന്ന് പദവികളാണ് നിലവില്‍ ഷി ജിന്‍ പിങ് വഹിക്കുന്നത്. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്നത്തെ പാര്‍ട്ടികോണ്‍ഗ്രസില്‍ തന്നെ ഷി നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: 20th Five-Year Congress of the Communist Party of China will begin on Sunday