| Thursday, 4th April 2024, 4:03 pm

ആറ് മാസത്തിനിടെ ഗസയില്‍ കൊല്ലപ്പെട്ടത് 203 സന്നദ്ധ പ്രവര്‍ത്തകര്‍; 30 വര്‍ഷംകൊണ്ട് ലോകത്താകമാനം കൊല്ലപ്പെട്ടവരേക്കാള്‍ അധികം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ മറ്റ് രാജ്യങ്ങളില്‍ മരിച്ചതിനേക്കാള്‍ അധികം സന്നദ്ധ പ്രവര്‍ത്തകര്‍ ആറുമാസത്തിനിടെ ഗസയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 203 പ്രവര്‍ത്തകര്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എയ്ഡ് വര്‍ക്കര്‍ സെക്യൂരിറ്റി ഡാറ്റാബേസാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് ജീവനക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന കണക്കുകള്‍ മനസാക്ഷിയെ പിടിച്ചുകുലുക്കുന്നതാണെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഗസയിലെ സ്ഥിതി ദയനീയമാണെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രഈല്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗസയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ നിന്ന് സന്നദ്ധ സംഘടനകള്‍ പിന്‍മാറുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 48 മണിക്കൂര്‍ ഗസയിലെ രാത്രികാല ഭക്ഷണ വിതരണം നിര്‍ത്താന്‍ യു.എന്‍ ഏജന്‍സികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ ഇടപെടലിലൂടെ ആരംഭിച്ച കടല്‍ വഴിയുള്ള താത്ക്കാലിക ഭക്ഷ്യ വിതരണവും നിലച്ച സ്ഥിതിയിലാണ്

അതേസമയം ഗസയിലേക്കെത്തിയ 100 ടണ്‍ ഭക്ഷ്യസഹായം ഇറക്കിയതിന് ശേഷം ദേര്‍ അല്‍ബലാഹിലെ വെയര്‍ഹൗസിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് സെന്‍ട്രല്‍ കിച്ചണ്‍ ജീവനക്കാര്‍ക്കെതിരെ ആക്രമണം ഉണ്ടായത്.

വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഓസ്ട്രേലിയ, പോളണ്ട്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രഈല്‍ ഏറ്റെടുക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് ആവശ്യപ്പെട്ടു. ഒരു പോളിഷ് പൗരന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പോളണ്ട് ഇസ്രഈലിനോട് വിശദീകരണം ചോദിച്ചു.

Content Highlight: 203 volunteers have been killed in Gaza since October 7

We use cookies to give you the best possible experience. Learn more