2025 ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് തയ്യാറാകുന്ന ഫാന്‍ ഫേവറേറ്റ് ടീമായ രാജസ്ഥാന് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലെയര്‍ റോളിലാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പയില്‍ കൈവിരലിന് പരിക്ക് പറ്റിയ സഞ്ജുവിന് ആറ് ആഴ്ചയോളം വിശ്രമം വേണമെന്ന് മെഡിക്കല്‍ ടീം പറഞ്ഞിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ക്യാമ്പില്‍ തിരിച്ചെത്തിയതോടെ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്ക്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഞ്ജു ആദ്യ മൂന്ന് മത്സരത്തില്‍ ടീമിന്റെ ഇംപാക്ട് പ്ലെയറായാണ് ഇറങ്ങുന്നത്. ഇതോടെ മധ്യനിര ബാറ്റര്‍ റിയാന്‍ പരാഗിനെയാണ് റോയല്‍സ് മൂന്ന് മത്സരങ്ങള്‍ക്കുള്ള ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും സഞ്ജുവിന് ഫിറ്റ്‌നസ് അനുമതി ലഭിച്ചിട്ടില്ലെന്ന് റോയല്‍സിന്റെ മാനേജ്‌മെന്റാണ് അറിയിച്ചത്. എന്നിരുന്നാലും സഞ്ജു ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുമെന്ന് ഫ്രാഞ്ചൈസി പറഞ്ഞു.
‘റോയല്‍സ് ടീമിലെ പ്രധാന താരമായ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും അനുമതി ലഭിക്കുന്നതുവരെ ബാറ്റിങ്ങില്‍ ഒരു പ്രധാന പങ്കു വഹിക്കും. പൂര്‍ണമായും ആരോഗ്യവാനായിക്കഴിഞ്ഞാല്‍ അദ്ദേഹം ക്യാപ്റ്റനായി തിരിച്ചെത്തും,’ ഫ്രാഞ്ചൈസി പ്രസ്താവനയില്‍ പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിന്റെ സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും രണ്ടാം മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുമെതിരെയാണ്. മാത്രമല്ല ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മൂന്നാം മത്സരം 30നും നടക്കും. ഇതോടെ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സൂപ്പര്‍ താരം ധ്രുവ് ജുറെല്‍ എത്തുമെന്നും ഉറപ്പാണ്.
എന്തായലും രാജസ്ഥാന്‍ റോയല്‍സിന്റെ ഈ നീക്കം ആരാധകരില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഇതോടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു ഇറങ്ങി മികവ് പുലര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയാണ് ഉള്ളത്.
Content Highlight: 2025IPL: Rajasthan Royals Have Big Setback