| Saturday, 15th March 2025, 8:55 pm

വെറും മൂന്ന് റണ്‍സില്‍ ചരിത്രം കുറിച്ച് നാറ്റ് സ്‌കൈവര്‍ ബ്രണ്ട്; ഡബ്ല്യു.പി.എല്ലിലെ ആദ്യ താരം!

സ്പോര്‍ട്സ് ഡെസ്‌ക്

2025 വിമണ്‍സ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ദല്‍ഹിയും മുംബൈയും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ ബാറ്റിങ് തുടരുന്ന മുംബൈ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും (17 പന്തില്‍ 18) നാറ്റ് സ്‌കൈവര്‍ ബ്രണ്ടുമാണ് ക്രീസിലുള്ളത് (16 പന്തില്‍ 18).

മുംബൈയുടെ മിന്നും ബാറ്റര്‍ സ്‌കൈവര്‍ ബ്രണ്ട് ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇപ്പോള്‍ സ്വന്തമാക്കിയത്. വിമണ്‍സ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായി 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. സെമി ഫൈനലില്‍ 997 റണ്‍സ് നേടി വെറും മൂന്ന് റണ്‍സിന്റെ കാത്തിരിപ്പ് മാത്രമായിരുന്നു താരത്തിന് ഈ നേട്ടത്തിലേക്ക് ഉണ്ടായിരുന്നത്. ഒരു ഇന്ത്യന്‍ താരത്തിന് പോലും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

എന്നാല്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വലിയ തിരിച്ചടിയാണ് ദല്‍ഹി തുടക്കത്തില്‍ തന്നെ നല്‍കിയത്. മുംബൈയുടെ കരുത്തുറ്റ ഓപ്പണര്‍മാരെ പുറത്താക്കി വമ്പന്‍ പ്രകടനമാണ് ദല്‍ഹിയുടെ സ്റ്റാര്‍ ബൗളര്‍ മരിസാനി കാപ്പ് മുന്നേറുന്നത്. ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിനെ മൂന്നാം ഓവറിനെത്തിയ മരിസാന്‍ കാപ്പ് തകര്‍പ്പന്‍ ഇന്‍സ്വിങ്ങിലൂടെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ആദ്യ വിക്കറ്റ് നേടിയത്.

10 പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സാണ് ഹെയ്‌ലിക്ക് നേടാന്‍ സാധിച്ചത്. അപകടകാരിയായ ഹെയ്‌ലിയെ പുറത്താക്കി അധികം വൈകാതെ അഞ്ചാം ഓവറില്‍ യാസ്തിക ഭാട്ടിയയെ ജമീമ റോഡ്രിഗസിന്റെ കയ്യിലെത്തിച്ച് രണ്ടാം വിക്കറ്റ് നേടാനും കാപ്പിന് സാധിച്ചു.

ദല്‍ഹി ക്യാപിറ്റല്‍സ് വനിത ഇലവന്‍

മെഗ് ലാനിങ് (ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെസ് ജോനാസെന്‍, ജെമീമ റോഡ്രിഗസ്, അന്നബെല്‍ സതര്‍ലാന്‍ഡ്, മരിസാന്‍ കാപ്പ്, സാറാ ബ്രൈസ് (വിക്കറ്റ് കീപ്പര്‍), നിക്കി പ്രസാദ്, ശിഖ പാണ്ഡെ, മിന്നു മാണി, നല്ലപുറെഡ്ഡി ചരണി

മുംബൈ ഇന്ത്യന്‍സ് വനിതാ ഇലവന്‍

യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്‌കൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സജീവന്‍ സജന, അമേലിയ കെര്‍, അമന്‍ജോത് കൗര്‍, കമാലിനി ഗുണലന്‍, സംസ്‌കൃതി ഗുപ്ത, ഷബ്‌നിം ഇസ്മയില്‍, സൈക ഇസ്ഹാക്ക്

Content Highlight: 2025 WPL: Nat Sciver Brunt In Great Record Achievement In W.P.L

Latest Stories

We use cookies to give you the best possible experience. Learn more