തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നു. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി ആറ് മാസത്തെ ക്യാമ്പയിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ രണ്ട് മുതല്‍ മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനകീയ വിജിലന്‍സ് സ്‌ക്വാഡുകള്‍ നിലവില്‍ വരുമെന്നും പൊലീസിന്റെ സഹായം ക്യാമ്പയ്‌നില്‍ ഉറപ്പുവരുത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ഒക്ടോബറിന് മുമ്പ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവ ഹരിതമാക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് പിന്നാലെയാണ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. നിരോധിത പ്ലാസ്റ്റിക് സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികളില്‍ ഹരിത ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കും. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശുചിത്വ പദയാത്രകള്‍ നടത്തും, 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ ശുചിത്വ കേരളം പ്രഖ്യാപിക്കണം എന്നിവയാണ് ക്യാമ്പയ്‌നിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ക്യാമ്പയ്‌നിന്റെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഒരു ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങള്‍.
Content Highlight: 2025 will declare a waste-free Kerala; Government join hands with opposition with campaign