ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് 2025 ഐ.പി.എല്ലിനെ വരവേല്‍ക്കാനിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന 18ാം പതിപ്പ് മാര്‍ച്ച് 22നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.
ഉദ്ഘാടന മത്സരത്തില്‍ കൊമ്പന്‍മാര്‍ ഏറ്റുമുട്ടുമ്പോള്‍ ഏറെ ആവേശത്തിലാണ് ആരാധകര്‍. ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരവും കൊല്‍ക്കത്തയിലാണ് നടക്കുന്നത്. ഐ.പി.എല്ലിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ബി.സി.സി.ഐ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിലവില്‍ ലഭിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത് ക്രിക്ക്ബസാണ്.
ഇതുവരെ ഒരു ഐ.പി.എല്‍ കിരീടവും നേടാന്‍ സാധിക്കാത്ത സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് ഈ സീസണ്‍ നിര്‍ണായകമാണ്. എന്നാല്‍ പുതിയ സീസണിന് ആര്‍സി.ബി ഒരുങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയിരിക്കുന്നത് രജത് പാടിദറാണ്.
ഫ്രാഞ്ചൈസിയുടെ എട്ടാമത് നായകനായാണ് മധ്യപ്രദേശുകാരന്‍ രജത് ചുമതലയേല്‍ക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന ആര്‍.സി.ബി മാനേജ്‌മെന്റ് യോഗത്തിലാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. നേരത്തെ ക്യാപറ്റന്‍സി വിട്ടൊഴിഞ്ഞ വിരാട് കോഹ്‌ലി പുതിയ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ക്യാപ്റ്റനാണ് 31കാരനായ രജത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും താരത്തിന് സാധിച്ചിരുന്നു.
ഐ.പി.എല്‍ 2025ന്റെ മെഗാ താരലേലത്തിന് മുമ്പ് 11 കോടിനല്‍കിയാണ് ടീം രജത്തിനെ നിലനിര്‍ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍.സി.ബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
Content Highlight: 2025 IPL Will Starts In March 22