ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചെപ്പോക്ക് വിട്ടത്. 2008ന് ശേഷം ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആര്‍.സി.ബി സ്വന്തമാക്കുന്ന ആദ്യ വിജയമായിരുന്നു ഇത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ ആരാധകര്‍ കാത്തിരുന്നത് എം.എസ്. ധോണിയുടെ വരവിനായിരുന്നു. ടോപ് ഓര്‍ഡറും മധ്യനിരയും തകരുമ്പോള്‍ ധോണി എപ്പോള്‍ ഇറങ്ങുമെന്ന് കരുതിയവര്‍ക്ക് നിരാശ തന്നെയായിരുന്നു. ഒമ്പതാമനായി ഇറങ്ങി 16 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടി ധോണി പുറത്താകാതെ നിന്നു. എന്നാല്‍ ധോണി അവസാനം ഇറങ്ങുന്നതിനെക്കുറിച്ച് ഒട്ടേറെ താരങ്ങള്‍ വിമര്‍ശിച്ച് സംസാരിച്ചിരുന്നു.
മത്സര ശേഷം 43കാരനായ ധോണിയെ പരിഹസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും മനോജ് തിവാരിയും. ക്രിക്ബസിലെ പരിപാടിയിലാണ് താരങ്ങള്‍ ധോണിയെക്കുറിച്ച് സംസാരിച്ചത്.
പ്രതീക്ഷിച്ചതിലും നേരത്തെ ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയെന്ന് വിരേന്ദര്‍ സെവാഗ് തമാശരൂപേണ പറഞ്ഞു. കാരണം സിഎസ്‌കെ ഇതിഹാസം സാധാരണയായി ഒരു ഇന്നിംഗ്സിന്റെ അവസാന രണ്ട് ഓവറുകളില്‍ ക്രീസിലെത്താന്‍ ഇഷ്ടപ്പെടുന്നു.
‘അദ്ദേഹം നേരത്തെ എത്തി, അല്ലേ?,’ സെവാഗ് പറഞ്ഞു.
‘അദ്ദേഹം പത്താം സ്ഥാനത്ത് വന്നേക്കുമെന്ന് ഞങ്ങള്‍ പറയുകയായിരുന്നു,’ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി പറഞ്ഞു.
‘പതിനാറ് ഓവറുകള്‍ക്ക് ശേഷമാണ് ധോണി ബാറ്റിങ് ആരംഭിച്ചത്, അത് വളരെ നേരത്തെയാണ്. സാധാരണയായി, അദ്ദേഹം 19ാം ഓവര്‍ അല്ലെങ്കില്‍ 20ാം ഓവര്‍ വരെ കാത്തിരിക്കും. ഒന്നുകില്‍ അദ്ദേഹം പതിവിലും നേരത്തെ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ടീമിന് വളരെ വേഗത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു,’ സെവാഗ് പറഞ്ഞു.
ചെന്നൈയുടെ അടുത്ത മത്സരം ഞായറാഴ്ചയാണ്. രാജസ്ഥാനെതിരെയുള്ള മത്സരം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട രാജസ്ഥാന്‍ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ വിജയപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്.
Content Highlight: 2025 IPL: Virender Sehwag And Manoj Tiwari Mocking M.S. Dhoni