|

തല VS കിങ്; ഇന്ന് തകര്‍ന്ന് വീഴാനുള്ള വെടിക്കെട്ട് റെക്കോഡുകളും മൈല്‍ സ്‌റ്റോണുകളും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ ഇരു ടീമുകളും തങ്ങളുടെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

വമ്പന്‍ മത്സരത്തില്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഒട്ടനവധി റെക്കോഡുകളും മൈല്‍ സ്‌റ്റോണുകളും നേടാന്‍ ഇരു ടീമിലേയും താരങ്ങള്‍ക്ക് വലിയ അവസരമാണ് മുന്നിലുള്ളത്.

കോഹ്‌ലി

ചെന്നൈക്കെതിരെ ചെപ്പോക്കിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത്. മത്സരത്തില്‍ അഞ്ച് റണ്‍സ് നേടാനായാല്‍ സി.എസ്.കെക്കെതിരെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ വിരാടിന് സാധിക്കും. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.

രവീന്ദ്ര ജഡേജ

വെറും 24 റണ്‍സ് നേടിയാല്‍ ചെന്നൈയുടെ എക്കാലത്തേയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഐ.പി.എല്ലില്‍ 3000 റണ്‍സും 100 വിക്കറ്റും പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ജഡേജയ്ക്ക് നേടാന്‍ സാധിക്കുക.

ക്രുണാല്‍ പാണ്ഡ്യ

ആര്‍.സി.ബിക്ക് വേണ്ടി സീസണില്‍ മിന്നും പ്രകടനം കാഴ്ചവെച്ച സൂപ്പര്‍ ഓള്‍ റൗണ്ടറാണ് ക്രുണാല്‍ പാണ്യ. കൊല്‍ക്കത്തയ്‌ക്കെതിരെ സീസണിലെ അരങ്ങേറ്റ മത്സരത്തില്‍ 3/29 എന്ന തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല ചെന്നൈക്കെതിരെ വെറും രണ്ട് വിക്കറ്റ് നേടിയാല്‍ ടി-20 ഫോര്‍മാറ്റില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കാനുള്ള അവസരവും ക്രുണാലിനുണ്ട്.

ഋതുരാജ് ഗെയ്ക്വാദ്

സൂപ്പര്‍ താരം എം.എസ്. ധോണിക്ക് ശേഷം ചെന്നൈ നായകനായ ഗെയ്ക്വാദിന് ഒരു തകര്‍പ്പന്‍ നാഴികകല്ലിലെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. വെറും 67 റണ്‍സ് നേടിയാല്‍ താരത്തിന് 2500 ഐ.പി.എല്‍ റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് മുന്നനിലുള്ളത്.

അതേസമയം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെഏഴ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. എല്‍ ക്ലാസിക്കോയില്‍ ജയം സ്വന്തമാക്കിയാണ് സൂപ്പര്‍ കിങ്സ് ബെംഗളുരുവിനെതിരെ സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിനാണ് സി.എസ്.കെ പരാജയപ്പെടുത്തിയത്.

രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരുവിറങ്ങുമ്പോള്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയെ നയിക്കുന്നത്. ഇരുവരും ബിഗ് ക്ലാഷിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പ്രകടനത്തേയും ചെന്നൈയുടെ ‘തല’ ധോണിയുടെ പ്രകടനത്തേയുമാണ്. സീസണില്‍ വമ്പന്‍മാര്‍ ആദ്യമായി ഏറ്റുമുട്ടുമ്പോള്‍ പൊടിപാറുന്ന മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

Content Highlight: 2025 IPL: Records And Milestones To Break CSK VS RCB Match

Latest Stories