|

വിരമിക്കല്‍ ടെസ്റ്റിന് ധോണി വന്നില്ല, പകരം ചെയ്തത്...തുറന്ന് പറഞ്ഞ് ആര്‍. അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഐ.പി.എല്ലിന്റെ പുതിയ സീസണിനെ കാത്തിരിക്കുന്നത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഐ.പി.എല്ലിലെ വമ്പന്‍ മത്സരങ്ങളിലൊന്നായ ചെന്നൈ – മുംബൈ മത്സരത്തിനാണ് ആരാധകരുടെ മറ്റൊരു കാത്തിരിപ്പ്. മാര്‍ച്ച് 23നാണ് മെഗാ ഇവന്റ്. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഇറങ്ങുന്നത്. കാലങ്ങള്‍ക്ക് ശേഷം ചെന്നൈയിലേക്ക് സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ഐ.പി.എല്‍ സീസണിന് ഉണ്ട്.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് ചെന്നൈ അശ്വിനെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ഇതോടെ സി.എസ്.കെയിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ചും എം.എസ്. ധോണിയേക്കുറിച്ചും സംസാരിക്കുകയാണ് അശ്വിന്‍.

‘ധര്‍മശാലയില്‍ നടന്ന എന്റെ നൂറാം ടെസ്റ്റില്‍ മൊമന്റോ കൈമാറാന്‍ എം.എസ്. ധോണിയെ ഞാന്‍ ക്ഷണിച്ചിരുന്നു. അത് എന്റെ അവസാന ടെസ്റ്റാക്കി മാറ്റണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍, സി.എസ്.കെയിലേക്ക് എന്നെ തിരികെ കൊണ്ടുവന്ന് മറ്റൊരു സമ്മാനം ധോണി നല്‍കുമെന്ന് ഞാന്‍ കരുതിയില്ല, നന്ദി എം.എസ്. സി.എസ്.കെയില്‍ എത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രധാനമായി മറ്റൊരു കാര്യം, ഞാന്‍ സി.എസ്.കെയിലേക്ക് തിരിച്ചുവന്നത് എല്ലാം നേടിയ വ്യക്തിയായല്ല.

മറിച്ച് മുഴുവന്‍ സര്‍ക്കിളിലൂടെയും കടന്നുപോയ ഒരാളെന്ന നിലയില്‍ ഇവിടെ തിരിച്ചെത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആസ്വദിച്ച അതേ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളായിട്ടാണ്. ഇത് ഒരു അത്ഭുതകരമായ സ്ഥലമാണ്,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐ.പി.എല്ലിലെ 212 മത്സരങ്ങളിലെ 208 മത്സരങ്ങളില്‍ നിന്ന് 180 വിക്കറ്റുകളാണ് താരത്തിന് നേടാന്‍ സാധിച്ചത്. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തെ ഏറെ അമ്പരപ്പിച്ചിരുന്നു.

Content Highlight: 2025 IPL: R. Ashwin Talking About M.S. Dhoni And C.S.K

Latest Stories

Video Stories