|

റണ്‍സ് നേടിയതുകൊണ്ട് മാത്രം വിരാട് കോഹ്‌ലിക്ക് ഐ.പി.എല്‍ കിരീടം നേടാന്‍ സാധിക്കില്ല; തുറന്ന് പറഞ്ഞ് നവ്‌ജോത് സിങ് സിദ്ദു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യം വെച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കളത്തിലിറങ്ങുന്നത്. ഇത്തവണ രജത് പാടിദാറിനെ നായകനാക്കിയാണ് ബെംഗളൂരു കളത്തിലിറങ്ങിയത്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

ടീമിന് വേണ്ടി ഓപ്പണര്‍ ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ സീസണിലും വിരാട് മികച്ച റണ്‍സ് സ്‌കോര്‍ ചെയ്യാറുണ്ടെങ്കില്‍ ഒരു സീസണില്‍ പോലും കിരീടം നേടാന്‍ സാധിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു.

‘റണ്‍സ് നേടിയതുകൊണ്ട് മാത്രം വിരാട് കോഹ്‌ലിക്ക് ഐ.പി.എല്‍ കിരീടങ്ങള്‍ നേടാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം എല്ലാ വര്‍ഷവും റണ്‍സ് നേടുന്നുണ്ട്, പക്ഷെ ആര്‍.സി.ബി ഇപ്പോഴും ട്രോഫി നേടിയിട്ടില്ല. ഒരു കളിക്കാരന് ഒറ്റയ്ക്ക് ഒരു കിരീടം നേടാന്‍ കഴിയില്ല. ഐ.പി.എല്ലില്‍ വിജയം നേടാന്‍ നിങ്ങള്‍ക്ക് ഒരു ടീം കോമ്പിനേഷന്‍ ആവശ്യമാണ്,’ സിദ്ദു പറഞ്ഞു.

മാത്രമല്ല ഐ.പി.എല്ലിന്റെ 18ാം സീസണില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്സിന്റെ കരുത്തിനെക്കുറിച്ച് സിദ്ദു സംസാരിച്ചു. കൊല്‍ക്കത്തയെ കഴിഞ്ഞ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ശ്രേയസ്.

എന്നാല്‍ മെഗാ ലേലത്തില്‍ താരത്തെ കെ.കെ.ആര്‍ വിട്ടയച്ചതോടെ പഞ്ചാബ് അയ്യരെ സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല മുമ്പ് ദല്‍ഹിയില്‍ അയ്യരോടൊപ്പം പ്രവര്‍ത്തിച്ച മുന്‍ ഓസീസ് താരവും പരിശീലകനുമായ റിക്കി പോണ്ടിങ്ങിന്റെ സേവനവും പഞ്ചാബിന് സ്ഥിരത നല്‍കുമെന്നും നവ്‌ജോത് പറഞ്ഞു.

‘ഈ വര്‍ഷം പഞ്ചാബ് ടീം സ്ഥിരതയുള്ളതായി തോന്നുന്നു. ശ്രേയസ് അയ്യര്‍, റിക്കി പോണ്ടിങ് എന്നിവര്‍ക്ക് കീഴില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിത്,’ സിദ്ദു കൂട്ടിച്ചേര്‍ത്തു.

അതേസമയം മാര്‍ച്ച് 28ന് വമ്പന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനേയാണ് ആര്‍.സി.ബിക്ക് നേരിടാനുള്ളത്. എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: 2025 IPL: Navjot Singh Sidhu Talking About Why Virat Kohli can’t win A IPL title