|

ബാറ്റും ബോളും കൊണ്ട് അവന്‍ സിംഹത്തെപ്പോലെ പോരാടുന്നു; തുറന്ന് പറഞ്ഞ്‌ മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ആരാധകരുടെ ഫേവറേറ്റുകളിലൊന്നാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. മാര്‍ച്ച് 23ന് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. വമ്പന്‍ പോരാട്ടത്തിന് മുമ്പ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പാണ്ഡ്യയെ പ്രശംസിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ സ്ഥിരത പുലര്‍ത്തുന്ന താരമാണ് പാണ്ഡ്യയെന്നും കഴിഞ്ഞ സീസണില്‍ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയപ്പോള്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും പാണ്ഡ്യ സഹിക്കേണ്ടി വന്നതില്‍ മാനസികമായ വിഷമം താരം നേരിട്ടു എന്നും കൈഫ് പറഞ്ഞു.

എന്നാലും പാണ്ഡ്യ ഒരിക്കലും തളര്‍ന്നില്ലെന്നും ടി-20 ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായ ഓവര്‍ ചെയ്തും ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ഓള്‍റൗണ്ടിങ് മികവ് പുലര്‍ത്തിയ പാണ്ഡ്യ സിംഹത്തെപ്പോലെയാണ് പോരാടുന്നതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

പാണ്ഡ്യയെക്കുറിച്ച് കൈഫ് പറഞ്ഞത്

‘അവന്‍ തന്റെ വേദന ആരോടും കാണിച്ചില്ല, മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അവനെ സബന്ധിച്ചിടത്തോളം അതൊരു മോശം യാത്രയായിരുന്നു, പക്ഷേ അവന്‍ തളര്‍ന്നില്ല. ആരാധകര്‍ അവനെ കൂക്കിവിളിച്ചു, ഓള്‍റൗണ്ടറെ ഒഴിവാക്കി. നിങ്ങള്‍ക്ക് അവനെ പുറത്താക്കാമായിരുന്നു, പക്ഷേ അപമാനങ്ങള്‍ ഒരിക്കലും നല്ലതല്ല. അവന്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു.

എന്തായാലും, അവന്‍ ലോകകപ്പില്‍ കളിച്ചു, ഫൈനലില്‍ ഒരു നിര്‍ണായക ഓവര്‍ എറിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിഫൈനലില്‍, ആദം സാംപയുടെ പന്തില്‍ അവന്‍ സിക്സറുകള്‍ അടിച്ചു. ബാറ്റുകൊണ്ടും ബൗളുകൊണ്ടും അവന്‍ സിംഹത്തെപ്പോലെ പോരാടുന്നു,

2025 ഐ.പി.എല്ലില്‍ ഹാര്‍ദിക്കിനെ സൂക്ഷിക്കുക. മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക് എത്തും. ആരാധകര്‍ അദ്ദേഹത്തെ പിന്തുണയ്ക്കും, രോഹിത് ശര്‍മ അദ്ദേഹത്തിന് പിന്തുണ നല്‍കും. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ട്രോഫികള്‍ അദ്ദേഹം നേടിത്തന്നു,’ മുഹമ്മദ് കൈഫ് പറഞ്ഞു.

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുംബൈ ഒരുങ്ങുമ്പോള്‍ സ്ലോ ഓവര്‍ റേറ്റിന്റെ പിടിയിലായ ഹര്‍ദിക്കിന് ആദ്യ മത്സരം നഷ്ടപ്പെടും. താരത്തിന് പകരം മുംബൈയെ നയിക്കുന്നത് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവാണ്. രോഹിത്തില്‍ നിന്ന് ക്യാപ്റ്റന്‍സി പാണ്ഡ്യയിലേക്ക് വന്നെങ്കിലും ഇത്തവണ വലിയ ആരാധക പിന്തുണയോടെ കിരീടത്തിലേക്ക് കുതിക്കാനാണ് മുംബൈ ലക്ഷ്യം വെക്കുന്നത്.

അതേസമയം ഐ.പി.എല്‍ മാമാങ്കം മാര്‍ച്ച് 22നാണ് ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനാണ് വേദി.

Content Highlight: 2025 IPL: Mohammad Kaif Praises Hardik Pandya

Video Stories