| Monday, 25th November 2024, 7:00 pm

10 ടീമുകളും നോ പറഞ്ഞു; ഐ.പി.എല്‍ മെഗാ താരലേലത്തിലെ അണ്‍ സോള്‍ഡ് ലിസ്റ്റ് നീളുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായ മെഗാ താരലേലം നടന്നുകൊണ്ടിരിക്കുമ്പോള്‍ വമ്പന്‍ തുകയ്ക്കാണ് പല താരങ്ങളെയും ഓരോ ഫ്രഞ്ചെസികളും സ്വന്തമാക്കിയത്. വിറ്റുപോയവരെക്കാള്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുകയാണ് ഒരു ടീമും താല്‍പ്പര്യം പ്രകടിപ്പിക്കാതെ അണ്‍ സോള്‍ഡ് ലിസ്റ്റില്‍ ഇടം നേടിയ താരങ്ങളാണ്.

ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, ആദില്‍ റഷീദ്, ഷര്‍ദുല്‍ താക്കൂര്‍, ദേവ്ദത്ത് പടിക്കല്‍, ഡരില്‍ മിച്ചല്‍, അജിന്‍ക്യാ രഹാനെ, മയങ്ക് അഗര്‍വാള്‍, പൃഥി ഷാ, ഗ്ലെന്‍ ഫിലിപ്‌സ്, കേശവ് മഹാരാജ് തുടങ്ങിയ അണ്‍ സോണ്‍ഡ് താരനിര നീളുകയാണ്. 10 ടീമുകളും നോ പറഞ്ഞാണ് ലേലത്തിന്റെ ഒന്നും രണ്ടും ദിനത്തില്‍ ഇവര്‍ അണ്‍ സോള്‍ഡ് ലിസ്റ്റിലായത്.

കെയ്ന്‍ വില്യംസണ്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്യംസാനെ മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഒരു സമയത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായിരുന്ന വില്യംസണ്‍. ഐ.പി.എല്ലിലെയും സ്ഥിരം സാന്നിധ്യമായിരുന്ന താരം ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടിയാണ് കഴിഞ്ഞ സീസണില്‍ കളത്തിലിറങ്ങിയത്. പക്ഷെ തുടര്‍ച്ചയായ പരിക്കുകള്‍വില്യംസന് ഇപ്പോള്‍ തിരിച്ചടിയായി മാറുകയാണ്.

നിലവില്‍ ഐ.പി.എല്ലില്‍ 79 മത്സരങ്ങളില്‍ നിന്നും 2128 റണ്‍സ് വില്യംസണ്‍ നേടിയിട്ടുണ്ട്. പക്ഷെ സമീപകാലത്തെ ഫോമും ഫിറ്റ്നസുമെല്ലാം വില്ലിയെ ഐ.പി.എല്ലില്‍ നിന്നും അകറ്റി നിര്‍ത്താനാണ് സാധ്യത.

ഡേവിഡ് വാര്‍ണര്‍

മുന്‍ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നെങ്കിലും ക്യാപിറ്റല്‍സ് നിലനിര്‍ത്തല്‍ പട്ടിക പരസ്യമാക്കിയപ്പോള്‍ വാര്‍ണറിനെ തിരഞ്ഞെടുത്തില്ല. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തെ ലേലത്തിന്റെ ഒന്നാം ദിനത്തിലും ഫ്രാഞ്ചൈസികള്‍ ഏറ്റെടുത്തില്ല. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണ് വാര്‍ണര്‍.

അജിന്‍ക്യാ രഹാനെ

ഇന്ത്യയുടെ വെറ്ററന്‍ താരവും മധ്യനിര ബാറ്ററുമായ അജിന്‍ക്യാ രഹാനെയാണ് മെഗാ ലേലത്തില്‍ തെരെഞ്ഞെടുക്കപ്പെടാത്ത മറ്റൊരു താരം. കഴിഞ്ഞ രണ്ട് സീസണുകളിലും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരുന്നു അദ്ദേഹം. സി.എസ്.കെയ്ക്കായി ഭേദപ്പെട്ട പ്രകടനങ്ങള്‍ രഹാനെ കാഴ്ചവെച്ചിരുന്നു.

2023ലെ സീസണിനു മുമ്പാണ് സി.എസ്.കെയിലേക്കു രഹാനെയെത്തിയത്. 172.49 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 326 റണ്‍സും അദ്ദേഹം അടിച്ചെടുത്തിരുന്നു. പക്ഷെ ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ രഹാനെയുടെ പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിച്ചു. 20.17 ശരാശരിയില്‍ 242 റണ്‍സ് മാത്രമാണ് താരത്തിനു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.

ദേവ്ദത്ത് പടിക്കല്‍

2020ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമില്‍ ഇടം പിടിച്ച ദേവദത്ത് പടിക്കല്‍ ആദ്യ സീസണില്‍ 15 മാച്ചുകളില്‍നിന്ന് 473 റണ്‍സ് നേടി. സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡും മലയാളി ബാറ്റര്‍ സ്വന്തമാക്കിയിരുന്നു. 2021ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി.

2022ലെ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍ പടിക്കലിനെ സ്വന്തമാക്കി. സീസണില്‍ ഐ.പി.എല്ലില്‍ 1,000 ഐ.പി.എല്‍ റണ്‍സ് തികക്കാന്‍ താരത്തിന് കഴിഞ്ഞു. 2024ലെ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പടിക്കലിനെ സ്വന്തമാക്കി. സീസണില്‍ 38 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ മോശം പ്രകടനം പുറത്തെടുത്ത പടിക്കലിനെ മെഗാ ലേലത്തിന് മുന്നോടിയായി പുറത്താക്കിയിരിന്നു.

താരലേലത്തിന്റെ രണ്ടാം ദിനം വലിയ ആവേശത്തോടെ നടന്നുകൊണ്ടിരിക്കുകയാണ് ഇനിയും ഈ അണ്‍ സോള്‍ഡ് പ്ലേയേഴ്സ് ലിസ്റ്റില്‍ ആരൊക്കെ ഇടം പിടിക്കുമെന്നും കണ്ടറിയാം.

Content Highlight: 2025 IPL Mega Auction Update

We use cookies to give you the best possible experience. Learn more