|

വിക്കറ്റ് കീപ്പിങ് ഇല്ലെങ്കില്‍ എന്നേക്കൊണ്ട് ഒരുപകാരവുമില്ല; തുറന്ന് പറഞ്ഞ് ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155ന് തളയ്ക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

ആവേശം നിറഞ്ഞ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിന് ശേഷം ഒരു പോഡ്കാസ്റ്റില്‍ ചെന്നൈ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ എം.എസ്. ധോണി സംസാരിച്ചിരുന്നു.

വിക്കറ്റ് കീപ്പിങ് വലിയ വെല്ലുവിളിയാണെന്നും വിക്കറ്റ് കീപ്പിങ് ഇല്ലെങ്കില്‍ തന്നെക്കൊണ്ട് ഒരു ഉപകാരവുമില്ലെന്നും ധോണി പറഞ്ഞു. മാത്രമല്ല സ്റ്റംമ്പിന് പിറകില്‍ നില്‍ക്കുമ്പോള്‍ പിച്ചിലെ മാറ്റങ്ങള്‍ മനസിലാകുമെന്നും അത് ക്യാപ്റ്റനുമായി സംസാരിക്കാനും കഴിയുമെന്ന് ധോണി പറഞ്ഞു.

‘ഇതൊരു വെല്ലുവിളിയാണ്, നിങ്ങള്‍ക്കറിയാമോ, വിക്കറ്റ് കീപ്പിങ് ഇല്ലെങ്കില്‍, ഞാന്‍ മൈതാനത്ത് ഉപയോഗശൂന്യനാണെന്ന് കരുതുന്നു, അതാണ് ഇതിനെ രസകരമാക്കുന്നത്. കാരണം അവിടെയാണ് ഞാന്‍ കളിയെ ഏറ്റവും മികച്ച രീതിയില്‍ മനസിലാക്കുന്നത്. ബൗളര്‍ എങ്ങനെ പന്തെറിയുന്നു, വിക്കറ്റ് എങ്ങനെ പെരുമാറുന്നു എന്നിവ കാണാന്‍ ഞാന്‍ കളിയുടെ ആങ്കിളുകളില്‍ വളരെ അടുത്തായിരിക്കണം.

പുതിയ പന്ത് ഉപയോഗിച്ച് ആദ്യ ആറ് ഓവറുകളില്‍, വിക്കറ്റ് വ്യത്യസ്തമായിരുന്നു. അതിനുശേഷം, പിച്ച് മാറിയിട്ടുണ്ടോ അതോ അതേപടി തുടരുന്നുണ്ടോ, ഇതെല്ലാം ഞാന്‍ സ്റ്റമ്പിന് തൊട്ടുപിന്നില്‍ ആയിരിക്കുമ്പോള്‍ വിലയിരുത്താനും തുടര്‍ന്ന് എന്താണ് സംഭവിക്കുന്നതെന്ന് ക്യാപ്റ്റനെ അറിയിക്കാനും കഴിയും. ഒരു ഡെലിവറി മോശമായിരുന്നോ അല്ലയോ എന്ന് സ്റ്റംമ്പിന് പിന്നിലായിരിക്കുമ്പോള്‍ എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയും,’ ധോണി പറഞ്ഞു.

Content Highlight: 2025 IPL: M.S Dhoni Talking About The Role Of Behind Wicket Keeping